കൊച്ചി: സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു. ബി. ഉണ്ണികൃഷ്ണന്‍ നടത്തുന്നത് കാപട്യകരമായ പ്രവര്‍ത്തനമാണ്.
ഫെഫ്കയിലെ 21 യൂണിയനുകളും ഇത് തുറന്ന് ചര്‍ച്ച ചെയ്യണം. ഇവിടെ നടന്ന ക്രിമിനല്‍ ആക്ടിവിറ്റികളോടും തൊഴില്‍ നിഷേധങ്ങളോടും കൂട്ടുനിന്ന ആളാണ് ബി. ഉണ്ണികൃഷ്ണന്‍. സര്‍ക്കാര്‍ ഇത് തിരിച്ചറിയണം. മാക്ടയെ തകര്‍ത്തത് ബി. ഉണ്ണികൃഷ്ണനാണെന്നും ആഷിക് അബു വിമര്‍ശിച്ചു.
ഫെഫ്ക എന്നാല്‍ ബി. ഉണ്ണികൃഷ്ണനെന്നാണ് നടപ്പ് രീതി. തൊഴിലാളി സംഘടനയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ പൊതുമധ്യത്തില്‍ പ്രതികരിക്കട്ടെ. അയാളുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കരുത്. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നു മാറ്റണം.
ബി. ഉണ്ണികൃഷ്ണന്‍ ഇല്ലെങ്കില്‍ തൊഴിലാളികളുടെ കാര്യങ്ങള്‍ ഇവിടെ നടക്കും. കേരളം പരിഷ്‌കൃത സമൂഹമാണ്. ഫെഫ്കയുടെതെന്ന രീതിയില്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് യൂണിയന്റെ നിലപാടല്ലെന്നും ആഷിക് അബു പറഞ്ഞു.