തൃശൂര്‍: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ഗ തടസം സൃഷ്ടിച്ചെന്ന് പരാതിയില്‍ പറയുന്നു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറി.
മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നേരത്തെ സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അനില്‍ അക്കരയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സിറ്റി എ.സി.പിക്കാണ് തൃശൂര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്.
തൃശൂരില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളെയാണ് അദേഹം കയ്യേറ്റം ചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ നിലപാട്.
മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി കുപിതനായി പ്രതികരിച്ചത്. ആരോപണം ഉയര്‍ന്നതുകൊണ്ട് മാത്രം കുറ്റക്കാരനായി കാണാനാവില്ലെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന നേതൃത്വം മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് സുരേഷ് ഗോപി അദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. കേന്ദ്രമന്ത്രിയുടേത് വ്യക്തിപരമായ നിലപാടാണ് എന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നിലപാട്.