തിരുവനന്തപുരം: നഗരങ്ങളില്‍ രണ്ട് സെന്റ് വരെയുള്ള ഭൂമിയില്‍ നിര്‍മ്മിക്കുന്ന ചെറിയ വീടുകള്‍ക്ക് നിബന്ധനകളില്‍ ഇളവ്. കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ നിര്‍മിക്കുന്ന 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് മുന്നില്‍ മൂന്ന് മീറ്റര്‍ വരെയുള്ള വഴിയാണെങ്കില്‍ ഫ്രണ്ട് യാര്‍ഡ് സെറ്റ് ബാക്ക് ( വഴിയുടെ അതിര്‍ത്തിയില്‍ നിന്നും വിടേണ്ട ഭൂമിയുടെ അളവ്) ഒരു മീറ്റര്‍ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്.
താമസ ആവശ്യത്തിന് അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇളവ് അനുവദിക്കുക. മൂന്ന് മീറ്റര്‍ വരെ വീതിയുള്ള ഇടറോഡുകളുടെ അരികിലുള്ള ഭൂമിയിലാണ് പുതിയ ഇളവ് ബാധകമാകുക. തിരുവനന്തപുരം കോര്‍പ്പറേഷന്‍ അദാലത്തില്‍ പരാതിയുമായി എത്തിയനേമം സ്വദേശികളായ നാഗരാജന്റെയും മണിയമ്മയുടേയും പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് നിര്‍ണായക നിര്‍ദേശം മന്ത്രി നല്‍കിയത്.
നിലവില്‍ വലിയ പ്ലോട്ടുകള്‍ക്ക് രണ്ടു മീറ്ററും മൂന്ന് സെന്റില്‍ താഴെയുള്ള പ്ലോട്ടുകള്‍ക്ക് 1.8 മീറ്ററും ആയിരുന്നു റോഡില്‍ നിന്നും വിടേണ്ടിയിരുന്നത്. കെഎംബിആര്‍ 2019 റൂള്‍ 26(4), 28(3) ഭേദഗതി വരുത്തി ഇളവ് നല്‍കാനാണ് തീരുമാനം. സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഗുണകരമാവുന്ന തീരുമാനമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളില്‍ താമസത്തിനായി ചെറിയ വീട് നിര്‍മ്മിച്ച് ഇനിയും വീട് നമ്പര്‍ ലഭിക്കാത്തവര്‍ക്ക് ഈ ചട്ടഭേദഗതി ഗുണകരമാകും.