'മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ട്; വെറും 20,000 രൂപയ്ക്ക് കച്ചവടം': താര സംഘടനയുടെ ഓഫീസ് ഒ.എല്‍.എക്സില്‍ വില്‍പ്പനയ്ക്കിട്ട് വിരുതന്മാര്‍

'മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ട്; വെറും 20,000 രൂപയ്ക്ക് കച്ചവടം': താര സംഘടനയുടെ  ഓഫീസ് ഒ.എല്‍.എക്സില്‍ വില്‍പ്പനയ്ക്കിട്ട് വിരുതന്മാര്‍

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഭാരവാഹികളായവര്‍ക്കെതിരെ വരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിന് പിന്നാലെ ചലച്ചിത്ര നടീ നടന്‍മാരുടെ സംഘടനയായ എ.എം.എം.എയുടെ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു.

ഇതിന് പിന്നാലെ സംഘടനയെ ട്രോളി സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ എ.എം.എം.എയുടെ കൊച്ചിയിലെ ആസ്ഥാന ഓഫീസ് വില്‍പനയ്ക്ക് വച്ചിരിക്കുകയാണ് ഏതോ വിരുതന്മാര്‍.

ഓണ്‍ലൈന്‍ വില്‍പന സൈറ്റായ ഒ.എല്‍.എക്സില്‍ വെറും 20,000 രൂപയ്ക്കാണ് 'അര്‍ജന്റ് സെയില്‍' എന്ന് നല്‍കി ഇടപ്പള്ളിയിലുള്ള എ.എം.എം.എയുടെ ഓഫീസിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

20,000 സ്‌ക്വയര്‍ ഫീറ്റിലുള്ള കെട്ടിടത്തില്‍ പത്ത് വാഷ്റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നല്‍കിയിരിക്കുന്നു. മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ടെന്നും നല്‍കിയിട്ടുണ്ട്. മൂന്ന്-നാല് ദിവസങ്ങള്‍ക്കകം ഡീല്‍ പൂര്‍ത്തീകരിക്കണമെന്നും പരസ്യത്തില്‍ പറയുന്നു. ആരാണ് പരസ്യം നല്‍കിയതെന്ന് വ്യക്തമല്ല.

അതിനിടെ നടന്‍മാര്‍ക്കും സംവിധായകര്‍ക്കും പുറമേ സിനിമയുടെ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും ഓരോ ദിവസവും ലൈംഗിക പീഡന പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.