ക്രൈസ്തവ ജനസംഖ്യ കുറയുന്നു; വീടും സ്ഥലവും ഉപേക്ഷിച്ച് വിദേശത്ത് പോയാല്‍ അധിനിവേശം ഉണ്ടാവുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

ക്രൈസ്തവ  ജനസംഖ്യ കുറയുന്നു; വീടും സ്ഥലവും ഉപേക്ഷിച്ച് വിദേശത്ത് പോയാല്‍ അധിനിവേശം ഉണ്ടാവുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

പാലാ: കേരളത്തില്‍ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞു വരുകയാണെന്നും യുവ തലമുറ വീടുകളും ഭൂമിയും ഉപേക്ഷിച്ച് വിദേശത്തേക്ക് പോയാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ അവിടെ അധിനിവേശങ്ങളുണ്ടാവുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍.

പാലായില്‍ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സമുദായ ശാക്തീകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

'ക്രിസ്ത്യന്‍ ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ജനസംഖ്യ കുറയുന്ന ഈയവസരത്തില്‍ ബുദ്ധിപരമായ ഇടപെടലാണ് ആവശ്യം. ഈ സമുദായം സമൂഹത്തിന് മുഴുവന്‍ ആവശ്യമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന വിധത്തിലുള്ള ഇടപെടല്‍ വേണം.

അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അധികാരത്തിന്റെ ശക്തി കേന്ദ്രങ്ങളെ നമുക്ക് സ്വാധീനിക്കാനാവൂ. അതിന്റേതായ രീതിയില്‍ നമ്മുടെ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കണം. ജനസംഖ്യ വലിയ കാര്യം തന്നെയാണ്'- ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു.

നമ്മുടെ യുവ തലമുറ വിദേശത്തേക്ക് പോകുന്നു എന്നതാണ് മറ്റൊന്ന്. നമ്മുടെ വീടുകളും ഭൂമിയും അന്യാധീനപ്പെടുന്നതാണ് അതിന്റെ അനന്തര ഫലം. അത് സംരക്ഷിക്കാനുള്ള ചിന്ത സഭയുടെ നേതൃത്വത്തിനുണ്ടാവണം.

അല്ലെങ്കില്‍ അനഭിമതമായ അധിനിവേശം ഉണ്ടാവും. അതേക്കുറിച്ച് താന്‍ വിശദീകരിക്കേണ്ട കാര്യമില്ലെന്നും അതുകൊണ്ട് വിജനമാവാന്‍ പോവുന്ന നമ്മുടെ ഭൂമികളും വീടുകളും കുടുംബങ്ങളും സംരക്ഷിക്കാനുള്ള ഒരു പദ്ധതി വേണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

അവരെ ഉപദേശിക്കണം. ഒന്നുകില്‍ അവരുടെ സഹോദരങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ കൊടുക്കുക. അല്ലെങ്കില്‍ പാവപ്പെട്ടവര്‍ക്ക് കൊടുക്കുക. അതുമല്ലെങ്കില്‍ അതേറ്റെടുക്കാനുള്ള സംവിധാനം സഭയുണ്ടാക്കിയില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവിടെ അധിനിവേശങ്ങളുണ്ടാവും.

ഏക്കര്‍ കണക്കിന് ഭൂമി ആരുമില്ലാത്ത കിടക്കുന്ന അവസ്ഥ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലുണ്ടാവും. ആ ഭൂമിയെങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കണം. നേരിട്ട് കാണുന്നതു കൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നത്. ഇത് നേരത്തെ ചിന്തിക്കേണ്ട കാര്യമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.