'ഇ.പി ക്ക് പകരം ടി.പി'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ മാറ്റി; പകരം ടി.പി രാമകൃഷ്ണൻ

'ഇ.പി ക്ക് പകരം ടി.പി'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ മാറ്റി; പകരം ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ മാറ്റി. ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രൻ, പ്രകാശ് ജാവദേക്കർ എന്നിവരുമായി ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പകരം ചുമതല എംഎല്‍എ ടി.പി രാകൃഷ്ണന് നല്‍കി.

ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനത്തിന് പിന്നാലെ ഇ.പി ജയരാജന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് മടങ്ങി. ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിന് നില്‍ക്കാതെയാണ് ഇ.പി മടങ്ങിയത്. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇ.പിയുടെ വിശദീകരണം.

ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രൻ, പ്രകാശ് ജാവദേക്കർ എന്നിവരുമായി ഇ. പി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. ഇക്കാര്യം ജയരാജനും സ്ഥിരീകരിച്ചിരുന്നു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ആക്കുളത്തുള്ള ഫ്ലാറ്റിൽ എത്തിയാണ് ജാവദേക്കർ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നുമാണ് ഇ.പി പറഞ്ഞത്. പ്രമുഖ സിപിഎം നേതാവ് ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ശോഭാ സുരേന്ദ്രനാണ്. പ്രതിപക്ഷവും ഇക്കാര്യം ഏറ്റെടുത്തത് വലിയ വിവാദമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.