തിരുവനന്തപുരം: ലൈംഗിക ആരോപണക്കുരുക്കിൽ അകപ്പെട്ട നടനും സിപിഎം എംഎൽഎയുമായ മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിൽ പാർട്ടി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ മുകേഷിന്റെ രാജി ആവശ്യം ചർച്ചയായെങ്കിലും നടപടി വേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കൾ.
മുകേഷിന് പൂർണ പിന്തുണ നൽകുന്നുവെന്ന നിലപാടെടുത്ത സിപിഎം മുകേഷ് ഈ ഘട്ടത്തിൽ എംഎൽഎ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്ന അഭിപ്രായമാണ് ഉയർത്തുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനംസിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വൈകിട്ട് നടത്തുന്ന വാർത്താ സമ്മേളനത്തിൽ അറിയിക്കും.
അതേസമയം ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ മുകേഷിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
മുകേഷിനെതിരെ ലൈംഗിക പീഡന പരാതിയിൽ സിപിഐഎം സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കാതിരുന്നതോടെ പ്രത്യേക അന്വേഷണ സംഘത്തോടും മുഖം തിരിച്ചിരിക്കുകയാണ് മുകേഷ്. പീഡന പരാതിയിൽ തെളിവ് ശേഖരണത്തിന് എത്തിയ അന്വേഷണ സംഘത്തിന് ഫ്ലാറ്റിന്റെ താക്കോൽ കൈമാറാതെയാണ് മുകേഷ് പ്രതികരിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്ന് കോടതിയിൽ മുകേഷ് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഈ നടപടി. പാർട്ടി നടപടി ഉണ്ടാകാതിരുന്നതോടെ താൻ തന്നെയാണ് ഇപ്പോഴും എംഎൽഎ എന്ന് സൂചിപ്പിക്കാൻ ഫേസ്ബുക്കിൽ പെരുമൺ പാലത്തിന്റെ ചിത്രവും മുകേഷ് ഇന്ന് പോസ്റ്റ് ചെയ്തിരുന്നു.