നെഹ്റു ട്രോഫി, ബേപ്പൂർ വള്ളം കളികളിൽ സർക്കാരിന് ഇരട്ടത്താപ്പ്: കത്തോലിക്ക കോൺഗ്രസ്

നെഹ്റു ട്രോഫി, ബേപ്പൂർ വള്ളം കളികളിൽ സർക്കാരിന് ഇരട്ടത്താപ്പ്: കത്തോലിക്ക കോൺഗ്രസ്

കൊച്ചി: കേരളത്തിൻ്റെ മതസൗഹാർദ്ദത്തിൻ്റെയും കാർഷിക സംസ്കാരത്തിൻ്റെയും ഉത്സവമാണ് ഒരോ വള്ളംകളിയും. നെഹ്റു ട്രോഫി വള്ളംകളി ഒരു മത്സരം എന്നതിലുപരി കരകളുടെ ഒരുമയുടെ ഉത്സവമാണെന്ന് കത്തോലിക്ക കോൺഗ്രസ്. ഓരോ കരയും വൻ തുകകൾ ചിലവാക്കി മാസങ്ങളായി നടത്തി വന്നിരുന്ന ഒരുക്കങ്ങളും പരിശീലനങ്ങളും ഒടുവിൽ മത്സരവുമെല്ലാം നാടിൻ്റെ കൂട്ടായ്മയ്ക്കും സഹോദര്യത്തിനും വേണ്ടിയാണെന്ന് കത്തോലിക്ക കോൺഗ്രസ് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

കേരളത്തിൻ്റെ മതസൗഹാർദ്ദത്തിൻ്റെയും കാർഷിക സംസ്കാരത്തിൻ്റെയും ഉത്സവമാണ് ഒരോ വള്ളംകളിയും. നെഹ്റു ട്രോഫി വള്ളംകളി ഒരു മത്സരം എന്നതിലുപരി കരകളുടെ ഒരുമയുടെ ഉത്സവമാണ്. ഓരോ കരയും വൻ തുകകൾ ചിലവാക്കി മാസങ്ങളായി നടത്തി വന്നിരുന്ന ഒരുക്കങ്ങളും പരിശീലനങ്ങളും ഒടുവിൽ മത്സരവുമെല്ലാം നാടിൻ്റെ കൂട്ടായ്മയ്ക്കും സഹോദര്യത്തിനും വേണ്ടിയാണ്.

കുട്ടനാടൻ ടൂറിസത്തിൻ്റെ ട്രേഡ് മാർക്കും കായൽ പരപ്പിലെ ഒളിമ്പിക്സും ആയ നെഹ്റു ട്രോഫി മാറ്റിയതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ ലോകത്തിന് നൽകുന്നത്..? വയനാടിൻ്റെ വേദനയിൽ കേരളം മുഴുവൻ പങ്കു ചേരുന്നു. എന്നാൽ വയനാടിന് സംഭവിച്ച പോലെ തന്നെയുള്ള സാമ്പത്തിക ദുരന്തത്തിലേക്കും കുട്ടനാട്ടിലെയും മറ്റും കരകളെയും എത്തിക്കാൻ മാത്രമേ നെഹ്റു ട്രോഫി മാറ്റിവയ്ക്കുക എന്ന മണ്ടൻ തീരുമാനം കൊണ്ട് സാധിക്കൂ. വള്ളം കളിയുമായി ബന്ധപ്പെട്ട ബിസിനസ് മേഖലയെയും സർക്കാർ തകർക്കുകയാണ് ചെയ്യുന്നത്.

വയനാട് ദുരന്തത്തിൻ്റെ പേരിൽ ചാമ്പ്യൻസ് ട്രോഫി വള്ളം കളി റദ്ദ് ചെയ്യുകയും, നെഹ്റു ട്രോഫി വള്ളം കളി മാറ്റുകയും ചെയ്ത സർക്കാർ, കേരള ക്രിക്കറ്റ് ലീഗ് മാറ്റിയില്ല എന്നതും, ബേപ്പൂരിലെ വള്ളം കളിയ്ക്ക് രണ്ടര കോടി രൂപ അനുവദിച്ചു എന്നതും സർക്കാർ നയത്തിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. വയനാടിനെ പ്രതി ബേപ്പൂരിലില്ലാത്ത ദുഖം നെഹ്റു ട്രോഫിയിൽ ഉണ്ടായി എന്നത് നിക്ഷിപ്ത അജണ്ടയുടെ ഭാഗമാണ് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

നെഹ്റു ട്രോഫിയും വള്ളംകളികളും ഇല്ലാതാക്കി ഒരു നാടിൻ്റെ സംസ്കാരത്തെയും കൂട്ടായ്മയെയും ഇല്ലാതാക്കാനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ, ആ ഗൂഢ താൽപര്യം ഞങ്ങൾ തിരിച്ചറിയുന്നു എന്ന് മാത്രമാണ് പറയാനുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.