തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ അഴിമതി ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍.
കൊച്ചിയിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മൈതാന നവീകരണത്തില്‍ അഴിമതി നടന്നു എന്നാണ് ആരോപണം. പി. ശശിയും മകനും മാഗ്‌നംസ് സ്‌പോര്‍ട്‌സ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വിഷയത്തില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ രാഹുല്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ മുന്‍ ലീഗല്‍ അഡൈ്വസര്‍ പി. ശശിയാണന്നും കരാര്‍ ഉണ്ടാക്കുന്ന സമയത്ത് ലീഗല്‍ അഡൈ്വസര്‍ ശശിയുടെ മകനായിരുന്നുവെന്നും വ്യക്തമാക്കി. പി. ശശി നടത്തുന്ന കൊള്ളയുടെ ഒരു ഉദാഹരണം മാത്രമാണ് ഇതെന്നും രാഹുല്‍ ആരോപിച്ചു.
സ്‌പോട്‌സ് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടികള്‍ നടത്തിയിരുന്നു. 2023 മെയ് മൂന്ന് മുതല്‍ 17-ാം തിയതി വരെയായിരുന്നു ടെന്‍ഡര്‍ നടപടികള്‍.
ഇതിനിടെ മെയ് 11 ന് കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലും മാഗ്‌നംസ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ഇക്കാര്യത്തില്‍ കരാര്‍ ഉണ്ടാക്കിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.