ന്യൂഡല്‍ഹി: ബ്രൂണെ തലസ്ഥാനമായ ബന്ദര്‍സരി ബഗവാനില്‍ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രൂണെ സുല്‍ത്താന്‍ ഹാജി ഹസനാല്‍ ബോള്‍ക്കിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
കൂടാതെ പ്രതിരോധ, ബഹിരാകാശ രംഗത്ത് ബ്രൂണെയുമായി സഹകരണം വര്‍ധിപ്പിക്കാനും ധാരണയായി. ഈ വര്‍ഷം അവസാനത്തോടെ വിമാന സര്‍വീസ് തുടങ്ങും. ടെലി മെട്രി, ടെലി കമാന്‍ഡ് സ്റ്റേഷനുകള്‍ക്കായുള്ള ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളുടെ പ്രവര്‍ത്തനത്തിലെ സഹകരണം സംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
ഫിന്‍ടെക്, സൈബര്‍ സുരക്ഷ, പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനം നടത്താനും സഹകരണം ശക്തമാക്കാനും മോഡിയുടെ ബ്രൂണെ സന്ദര്‍ശന വേളയില്‍ തീരുമാനമായി.
ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രൂണെയിലെത്തുന്നത്. ബ്രൂണെയില്‍ പ്രധാനമന്ത്രിക്ക് ആവേശപൂര്‍വമായ വരവേല്‍പ്പാണ് നല്‍കിയത്. സുല്‍ത്താന്‍ ബോള്‍ക്കിയയുടെ ഉച്ച വിരുന്നിലും അദേഹം പങ്കെടുത്തു.