'ഓഫീസിനെയും പൊലീസിനെയും കയറൂരി വിട്ടു': സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം

'ഓഫീസിനെയും പൊലീസിനെയും കയറൂരി വിട്ടു': സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം. പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനാണ് വിമര്‍ശനം. ഓഫീസിനേയും പൊലീസിനേയും മുഖ്യമന്ത്രി കയറൂരി വിട്ടു എന്ന് പ്രതിനിധികള്‍ ആരോപിച്ചു.

അന്‍വറിന്റെ ആരോപണത്തിലെ വസ്തുത അറിയണമെന്നും ഈ ആവശ്യം പാര്‍ട്ടി കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തിരിച്ചടിയാവുമെന്നും സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.

അതേസമയം, അന്‍വര്‍ ഉയര്‍ത്തിയ ഗുരുതര രാഷ്ട്രീയ ആരോപണങ്ങള്‍ ഇടതുപക്ഷത്ത് വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെയും സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്നും ചേരുമ്പോള്‍ അന്‍വറിന്റെ ആരോപണം ചര്‍ച്ചയാകും.

ആരോപണ വിധേയരായ എഡിജിപിയെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെയും സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ അന്വേഷണം പ്രഹസനമാവുമെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് പാര്‍ട്ടിയുടെ ഇടപെടല്‍.

മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ ആരോപണങ്ങളുടെ പകര്‍പ്പ് അന്‍വര്‍ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നല്‍കിയിരുന്നു. കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഗോവിന്ദന്‍ വിഷയം അവതരിപ്പിക്കുമെന്നാണ് സൂചന.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.