കാശ്മീരില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന; എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധ ശേഖരം പിടിച്ചെടുത്തു

കാശ്മീരില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന; എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സൈന്യം. രജൗരി ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തിയിലെ നൗഷേര സെക്ടറില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായിട്ടാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.

രണ്ട് ഭീകരരെ വധിച്ചതിന് പിന്നാലെ മേഖലയില്‍ വലിയ രീതിയിലുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

കഴിഞ്ഞ ആഴ്ചയും നൗഷേര സെക്ടറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പിന്നാലെ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഭീകരരെ പിടികൂടാനായിരുന്നില്ല.

ഓഗസ്റ്റ് അവസാനം രജൗരിയില്‍ ഭീകരരുടെ ഒളിത്താവളം ലക്ഷ്യമിട്ട് നടത്തിയ പരിശോധനയ്ക്കിടെയും ഏറ്റുമുട്ടല്‍ നടന്നിരുന്നു. കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.