ന്യൂയോർക്ക് : അമേരിക്കയിലെ അൽബാനിയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഹൈദരാബാദ് സ്വദേശിനിയായ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. സഹജ റെഡ്ഡി ഉഡുമല (24) യാണ് ദാരുണമായി മരണപ്പെട്ടത്. സഹജയുടെ വിയോഗത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ദുഖം രേഖപ്പെടുത്തുകയും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഡസംബർ നാലിന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. രാവിലെ 11. 50-ഓടെയാണ് അൽബാനി ഫയർ ഡിപ്പാർട്ട്‌മെന്റിന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. 241 വെസ്റ്റേൺ അവന്യൂവിൽ ആരംഭിച്ച തീ സമീപത്തെ 239 വെസ്റ്റേൺ അവന്യൂവിലുള്ള കെട്ടിടത്തിലേക്കും അതിവേഗം പടർന്നു. തീപിടിത്തമുണ്ടായ വീട് പൂർണമായും കത്തിനശിച്ചു.
ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ താമസിക്കുന്ന മുറികളുള്ള കെട്ടിടത്തിലാണ് അപകടം നടന്നത്. വീടിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി നാല് പേരെ വീടിന് പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. 90 ശതമാനവും പൊള്ളലേറ്റ സഹജയെ അഗ്നിശമന സേനാംഗങ്ങളാണ് രക്ഷപ്പെടുത്തി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നതിനിടെയാണ് ഗുരുതരമായി പൊള്ളലേറ്റ സഹജയുടെ ജീവൻ നഷ്ടപ്പെട്ടത്.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുകയായിരുന്ന സഹജയുടെ മുറിക്ക് സമീപമാണ് തീപിടിത്തം ആരംഭിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വെന്റിലേറ്ററിൽ നിന്ന് മാറ്റുന്നതിന് മുൻപ് ലൈവ് വീഡിയോ വഴി സഹജയെ മാതാപിതാക്കളെ കാണിച്ചതായി ഒരു ബന്ധു അറിയിച്ചു.
യൂണിവേഴ്സിറ്റി ഓഫ് അൽബാനിയിൽ നിന്ന് സൈബർ സുരക്ഷയിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷം ഒരു വർഷമായി സഹജ അൽബാനിയിൽ ജോലി ചെയ്യുകയായിരുന്നു.