ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാർക്ക് വെല്ലുവിളിയായി അമേരിക്കയുടെ പുതിയ നീക്കം; വർക്ക് പെർമിറ്റ് കാലാവധി കുറച്ചു

ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാർക്ക് വെല്ലുവിളിയായി അമേരിക്കയുടെ പുതിയ നീക്കം; വർക്ക് പെർമിറ്റ് കാലാവധി കുറച്ചു

വാഷിങ്ടൺ : അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം കുടിയേറ്റ നടപടിക്രമങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി വർക്ക് പെർമിറ്റുകളുടെ കാലാവധി ഗണ്യമായി വെട്ടിച്ചുരുക്കി. യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് കൈക്കൊണ്ട ഈ പുതിയ തീരുമാനം ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവരടക്കം ലക്ഷക്കണക്കിന് ഇന്ത്യൻ പ്രഫഷണലുകൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

തട്ടിപ്പുകൾ തടയുന്നതിനും രാജ്യത്തിന് അപകടകാരികളായവരെ കണ്ടെത്താനും സുരക്ഷാ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനും വേണ്ടിയാണ് ഈ നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. യുഎസിൽ നിയമപരമായി ജോലി ചെയ്യാൻ അനുവദിക്കുന്ന എംപ്ലോയ്മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റ് (EAD) കാലാവധിയിലാണ് നിർണായക മാറ്റം വരുത്തിയിരിക്കുന്നത്. നിലവിൽ അഞ്ച് വർഷമാണ് ഇഎഡിക്ക് സാധുതയുള്ളത്. എന്നാൽ പുതിയ നിയമം അനുസരിച്ച് ഇത് പരമാവധി 18 മാസമായി ചുരുക്കും.

ഈ മാറ്റത്തിലൂടെ, കുടിയേറ്റക്കാരെ ഇഎഡി പുതുക്കാൻ അപേക്ഷിക്കുമ്പോൾ കൂടുതൽ തവണ പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്നാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് അറിയിച്ചിട്ടുള്ളത്. ഗ്രീൻ കാർഡ് അപേക്ഷകൾ തീർപ്പാകാതെ വർഷങ്ങളായി കാത്തിരിക്കുന്ന എച്ച്-1ബി വിസയിലുള്ള തൊഴിലാളികളാണ് ഈ മാറ്റം കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാവുക.

കാലാവധി വെട്ടിച്ചുരുക്കുന്നത് കാരണം ഇവർക്ക് വർക്ക് പെർമിറ്റുകൾ ഇടയ്ക്കിടെ അതായത് കൂടുതൽ തവണ പുതുക്കേണ്ടി വരും. ഇത് വലിയ സാമ്പത്തിക ബാധ്യതകളും ഭരണപരമായ നൂലാമാലകളും സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്.

പുതിയ നിയമങ്ങൾ 2025 ഡിസംബർ അഞ്ച് മുതൽ പ്രാബല്യത്തിൽ വന്നതായി പൗരത്വ, കുടിയേറ്റ സേവന വിഭാഗം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.