'500 കോടിയുടെ ഇടപാട്': ശബരിമല സ്വര്‍ണക്കൊള്ളയിലെ വെളിപ്പെടുത്തലില്‍ എസ്‌ഐടി ബുധനാഴ്ച ചെന്നിത്തലയുടെ മൊഴിയെടുക്കും

'500 കോടിയുടെ ഇടപാട്': ശബരിമല സ്വര്‍ണക്കൊള്ളയിലെ വെളിപ്പെടുത്തലില്‍ എസ്‌ഐടി ബുധനാഴ്ച ചെന്നിത്തലയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണ സംഘം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തും. ബുധനാഴ്ച മൊഴി നല്‍കാമെന്നാണ് എസ്‌ഐടിയെ ചെന്നിത്തല അറിയിച്ചിട്ടുള്ളത്.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുകളടങ്ങിയ കത്താണ് രമേശ് ചെന്നിത്തല എസ്‌ഐടിക്ക് കൈമാറിയത്. പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെന്ന് തനിക്ക് അറിവ് ലഭിച്ചതായാണ് ചെന്നിത്തല കത്തില്‍ വ്യക്തമാക്കിയിരുന്നത്.

കത്ത് കിട്ടിയതായി എസ്‌ഐടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മൊഴി നല്‍കാന്‍ എസ്‌ഐടി ചെന്നിത്തലയോട് ആവശ്യപ്പെടുകയായിരുന്നു. ബുധനാഴ്ച മൊഴി നല്‍കാമെന്ന് അറിയിച്ചതനുസരിച്ച് അദേഹത്തിന് സൗകര്യമുള്ളിടത്ത് ചെന്ന് എസ്‌ഐടി മൊഴി രേഖപ്പെടുത്തും.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ഒരാളെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്നും അയാളെ അന്വേഷണ സംഘത്തോട് സഹകരിപ്പിക്കാമെന്നും എസ്‌ഐടിയ്ക്ക് രമേശ് ചെന്നിത്തല ഉറപ്പ് നല്‍കിയിട്ടുണ്ട്. ആരാണ് ഈ വ്യക്തി എന്നകാര്യം അന്വേഷണ സംഘം രമേശ് ചെന്നിത്തലയില്‍നിന്ന് ചോദിച്ചറിയും.

500 കോടിയോളം വരുന്ന ഇടപാടാണ് ശബരി മലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. വിവരങ്ങളുടെ വിശ്വാസ്യത സ്വതന്ത്രമായി താന്‍ പരിശോധിക്കുകയും അതില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ടെന്ന് മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവ പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറുന്നത്.

ഈ വ്യക്തി വിവരങ്ങള്‍ പൊതുജന മധ്യത്തില്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല. എന്നാല്‍ പ്രത്യേകാന്വേഷണ സംഘവുമായി സഹകരിക്കാനും കോടതിയില്‍ മൊഴി നല്‍കാനും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.