പനാജി: ഗോവയിലെ നിശാക്ലബ്ബില്‍ തീ പിടിക്കുന്നതിന് തൊട്ടു മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്.'ബോളിവുഡ് ബാംഗര്‍ നൈറ്റ്' ആഘോഷിക്കാനെത്തിയ ഏകദേശം നൂറ് വിനോദ സഞ്ചാരികളാണ് അപകട സമയത്ത് ഇവിടെ ഉണ്ടായിരുന്നത്.
ഷോലെ എന്ന പഴയകാല സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ 'മെഹബൂബ ഓ മെഹബൂബ' എന്ന ഗാനത്തിന് നര്‍ത്തകി ചുവടുവയ്ക്കുന്നതിനിടെയാണ് പിന്നില്‍ തീ പടരുന്നത്. ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.
ക്ലബ്ബ് ജീവനക്കാരായ ചിലര്‍ ഉടന്‍ തന്നെ കണ്‍സോളിനടുത്തേക്ക് ഓടിയെത്തി തീ കത്തുന്നതിന് താഴെ വച്ചിരുന്ന ലാപ്ടോപ്പും മറ്റും എടുത്തു മാറ്റി. തീ പടര്‍ന്നപ്പോള്‍ ആദ്യമൊന്നും ആരും കാര്യമായ ഭയം കാണിച്ചില്ല. പിന്നീട് ഒരാള്‍ നര്‍ത്തകിയെ അഭിനന്ദിച്ചുകൊണ്ട് 'നിങ്ങള്‍ തീയിട്ടു' എന്ന് തമാശയായി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
അതിനുശേഷം അഗ്‌നി അതിവേഗം പടര്‍ന്നതോടെ സംഗീതജ്ഞര്‍ ഉപകരണങ്ങള്‍ ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. നിമിഷങ്ങള്‍ക്കുള്ളില്‍ നര്‍ത്തകിയും ജീവനക്കാരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മിനിട്ടുകള്‍ക്കകം തീ ക്ലബ്ബിന്റെ സീലിംഗിലേക്കും പടര്‍ന്നു.
ബാഗയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ എന്ന ക്ലബ്ബിലാണ് അഗ്‌നിബാധയുണ്ടായത്. 25 പേര്‍ മരിച്ചതായാണ് ഗോവ പൊലീസ് സ്ഥിരീകരിക്കുന്നത്. മരിച്ചവരില്‍ കൂടുതല്‍ പേരും ക്ലബിലെ അടുക്കളയില്‍ ജോലിക്കു നിന്ന ജീവനക്കാര്‍ ആയിരുന്നുവെന്നാണ് വിവരം.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ക്ലബ്ബിലേക്കുള്ള ഇടുങ്ങിയ പ്രവേശന കവാടത്തിലൂടെ പുറത്തിറങ്ങാന്‍ കഴിയാതെ പലരും കുടുങ്ങിപ്പോയിരുന്നു. ചിലര്‍ രക്ഷപ്പെട്ടെങ്കിലും ഒട്ടേറെ പേര്‍ ക്ലബിലെ താഴത്തെ അടുക്കളയിലേക്ക് ഓടിപ്പോവുകയും അവിടെ കുടുങ്ങുകയുമായിരുന്നു.
ക്ലബ്ബിലേക്കുള്ള വഴി ഇടുങ്ങിയതായതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചില്ല. 400 മീറ്റര്‍ അകലെ നിര്‍ത്തിയിട്ടതിനു ശേഷമാണ് ഫയര്‍ എഞ്ചിനുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരില്‍ പലരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും മറ്റുള്ളവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റുവെന്നും അധികൃതര്‍ വ്യക്തമാക്കി.