ന്യൂഡല്‍ഹി: സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത് നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്ത് സുപ്രീം കോടതിയില്‍ നിന്നും ഹൈക്കോടതികളില്‍ നിന്നും വിരമിച്ച 30 ജഡ്ജിമാര്‍.
വഖഫ് ബില്‍ ഭേദഗതി, മഥുര-വാരാണസി എന്നിവിടങ്ങളിലെ പള്ളി തര്‍ക്കങ്ങള്‍ എന്നിവയായിരുന്നു 'വിധി പ്രഘോഷ്ത്'എന്ന പേരില്‍ സംഘടിപ്പിച്ച സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാളും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഞായറാഴ്ചയായിരുന്നു 'വിധി പ്രഘോഷ്ത്' സമ്മേളനം. സംഘപരിവാറുമായി ബന്ധപ്പെട്ട വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ് എന്നീ പള്ളികളുടെ അധികാരത്തര്‍ക്കം, വഖഫ് ബില്‍ ഭേദഗതി, ബിജെപി ഭരണത്തിലുള്ള ചില സംസ്ഥാനങ്ങളിലെ മതം മാറ്റ നിരോധന നിയമം എന്നിവ കോടതികളിലാണ്.
ഹിന്ദുക്കളെ ബാധിക്കുന്ന നിയമങ്ങള്‍, ക്ഷേത്രങ്ങളുടെ വിമോചനം, മതപരിവര്‍ത്തനം, പശുക്കളെ കൊല്ലല്‍, വഖഫ് എന്നിവയും ചര്‍ച്ചയായെന്ന് വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു.
ജോലിയില്‍ നിന്ന് വിരമിച്ചതുകൊണ്ട് ജഡ്ജിമാരുടെ ഉത്തരവാദിത്തം തീരുന്നില്ല എന്നായിരുന്നു യോഗത്തിലെ പ്രധാന വാദം. രാജ്യത്തിന്റെ നിര്‍മാണത്തിനായി അവര്‍ ഇനിയും സംഭാവന ചെയ്യണമെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.
അലോക് കുമാര്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ തുടങ്ങിയ മുതിര്‍ന്ന വിഎച്ച്പി നേതാക്കളും നിരവധി മുന്‍ ജഡ്ജിമാരും പങ്കെടുത്ത യോഗത്തിന്റെ ഫോട്ടോകള്‍ ഞായറാഴ്ച വൈകിട്ട് അര്‍ജുന്‍ രാം മേഘ്വാള്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇങ്ങനെയുള്ള സമ്മേളനങ്ങള്‍ പതിവാക്കാനാണ് വിഎച്ച്പിയുടെ നീക്കം. കൂടുതല്‍ ഹിന്ദുത്വ അജണ്ടകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത് സഹായിക്കുമെന്നാണ് വിഎച്ച്പിയുടെ വിലയിരുത്തല്‍.
നീതിന്യായ സംവിധാനങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നതായി വിമര്‍ശനങ്ങള്‍ ഉയരവെയാണ് വിഎച്ച്പിയുടെ യോഗം.