ശ്രീനഗര്‍: ജമ്മുകാശ്മീര്‍ ഇന്ന് ഒന്നാം ഘട്ട പോളിങിന് തുടക്കം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ പുല്‍വാമ, ഷോപിയാന്‍, അനന്ത്നാഗ്, ബിജ്ബെഹറ ഉള്‍പ്പെടെ 24 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഒമ്പത് വനിത സ്ഥാനാര്‍ഥികളടക്കം 219 പേരാണ് ജനവിധി തേടുന്നത്. 90 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. 23.27 ലക്ഷമാണ് വോട്ടര്‍മാര്‍. പിര്‍പാഞ്ചല്‍ പര്‍വത നിരക്ക് ഇരുവശത്തുമുള്ള ഏഴ് ജില്ലകളിലാണ് 24 മണ്ഡലവും. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണിത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 11,76,462 പുരുഷന്മാരും 11,51,058 സ്ത്രീകളും 60 മൂന്നാം ലിംഗക്കാരും ഉള്‍പ്പെടുന്ന ആകെ 23,27,580 വോട്ടര്‍മാര്‍ ഈ ഘട്ടത്തില്‍ വോട്ടു രേഖപ്പെടുത്താന്‍ അര്‍ഹരാണ്.
പത്ത് വര്‍ഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണ കാശ്മീര്‍ അടക്കമാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. അനന്ത്നാഗ്, കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ ജില്ലകളിലായി 16 മണ്ഡലങ്ങളാണ് ദക്ഷിണ കാശ്മീരില്‍. ബിജ്ബെഹറയില്‍ മത്സരിക്കുന്ന മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി, കുല്‍ഗ്രാമില്‍ നിന്ന് മത്സരിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, ദൂരുവില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് മുന്‍ കാശ്മീര്‍ പ്രസിഡന്റ് ഗുലാം അഹമ്മദ് മിര്‍ എന്നിവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.
സൈന്യത്തിന് പുറമേ കേന്ദ്ര-സംസ്ഥാന പൊലീസ് സേനകളും ത്രിതല സുരക്ഷയൊരുക്കുന്നുണ്ട്. അതിനിടെ സ്വതന്ത്ര എംപി എന്‍ജിനിയര്‍ റഷീദിന്റെ അവാമി ഇത്തിഹാദ് പാര്‍ടിയുടെ പുല്‍വാമ സ്ഥാനാര്‍ഥി മുഹമ്മദ് ഇഖ്ബാല്‍ സോഫി പോളിങിന് മണിക്കൂറുകള്‍ക്ക് മുമ്പ് നാണഷല്‍ കോണ്‍ഫറന്‍സിലേക്ക് കൂറുമാറി. അവാമി പാര്‍ടി ജമാഅത്ത് ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.