'കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷകര്‍ക്കും ശബ്ദമില്ലാത്തവര്‍ക്കും ഒപ്പം': ഫാ. ഫിലിപ്പ് കവിയില്‍

'കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷകര്‍ക്കും ശബ്ദമില്ലാത്തവര്‍ക്കും ഒപ്പം': ഫാ.  ഫിലിപ്പ് കവിയില്‍

കാസര്‍കോട്: കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷകര്‍ക്കും ശബ്ദമില്ലാത്തവര്‍ക്കും ഒപ്പമെന്ന് ഫാദര്‍ ഫിലിപ്പ് കവിയില്‍. കരിന്തളം മുതല്‍ വയനാട് വരെ 400 കെവി ഇലക്ട്രിക് ലൈന്‍ സ്ഥാപിക്കുന്നതിലൂടെ നഷ്ടം സംഭവിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടി കത്തോലിക്കാ കോണ്‍ഗ്രസ് ആക്ഷന്‍ കമ്മിറ്റിയോടൊപ്പം ശക്തമായി ഇടപെടുവാന്‍ തീരുമാനിച്ചതായി ഫാദര്‍ കവിയില്‍ അറിയിച്ചു. തിങ്കളാഴ്ച ആലക്കോട് ചേര്‍ന്ന ജനകീയ സമരസമിതിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.


പദ്ധതി പ്രദേശത്തെ സാധാരണക്കാരായ മലയോര നിവാസികള്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം ഗവണ്‍മെന്റ് നല്‍കണം. പട്ടണ പ്രദേശത്തെ പുരോഗമന പ്രവര്‍ത്തികള്‍ക്ക് പൊന്നും വില നഷ്ടപരിഹാരം നല്‍കുകയും മലയോര മേഖലയിലേക്ക് വരുമ്പോള്‍ ചുളുവില്‍ കര്‍ഷകരെയും സാധാരണക്കാരെയും പറ്റിക്കുന്ന സര്‍ക്കാര്‍ നിലപാട് അനുവദിക്കാനാവില്ലെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍ ആവശ്യപ്പെട്ടു.

കേരളം മുഴുവന്‍ ഗുണം ലഭിക്കുന്ന ഒരു പദ്ധതിക്ക് കര്‍ഷകര്‍ ഒരിക്കലും എതിരല്ല. എന്നാല്‍ കര്‍ഷകരെ ബലിയാടാക്കിക്കൊണ്ട് ഈ പദ്ധതി നടപ്പാക്കുവാന്‍ അനുവദിക്കുകയും ഇല്ല. മലയോര നിവാസികളുടെ പ്രശ്‌നത്തില്‍ മാന്യമായ നടപടികള്‍ എടുക്കാതെ ഒരു സര്‍ക്കാരിനും മുന്നോട്ടു പോകുവാന്‍ സാധിക്കുകയില്ലെന്നും അദേഹം ഓര്‍മ്മപ്പെടുത്തി.


തലശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, അലക്കോട് ഫൊറോനാ പ്രസിഡന്റ് എമ്മനുവേല്‍ കോയിക്കല്‍, നെല്ലിക്കമ്പോയില്‍ ഫൊറോനാ പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, മരിഗിരി യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.