കോട്ടയം: കുമരകം കൈപ്പുഴമുട്ടില്‍ കാര്‍ പുഴയില്‍ വീണ് രണ്ട് പേരുടെ മരണത്തിനിടയാക്കിയത് കനത്ത മഴയും വഴി പരിചയമില്ലാത്തതും ആണെന്ന് സൂചന. കൊല്ലം സ്വദേശിയായ ജെയിംസ് ജോര്‍ജും(48), സുഹൃത്ത് സായ്‌ലി രാജേന്ദ്ര സര്‍ജെ(27)യുമാണ് അപകടത്തില്‍ മരിച്ചത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ഇവര്‍ കൊച്ചിയിലെ സ്ഥാപനത്തില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് സ്വയം ഓടിച്ച് കുമരകത്ത് എത്തിയത്.
കാര്‍ ഉടമയുടെ വിവരങ്ങളും ശേഖരിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഹൗസ്‌ബോട്ടില്‍ യാത്ര ചെയ്യുന്നതിനാകാം ഇവര്‍ കുമരകത്ത് എത്തിയതെന്നാണ് കരുതുന്നതെന്നും പൊലീസ് പറയുന്നു. കുമരകത്ത് മുറി വാടകയ്‌ക്കെടുത്തിരുന്നോ എന്നും അന്വേഷിക്കും. കാറില്‍ നിന്ന് ഇവരുടെ ബാഗുകള്‍ കണ്ടെത്തി. കൂടാതെ ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്തിരിക്കാമെന്നും സംശയമുണ്ട്.
മഴ ആയിരുന്നതിനാല്‍ റോഡ് വ്യക്തമായി കാണാന്‍ കഴിയില്ലായിരുന്നു. ഈ ഭാഗത്ത് സുരക്ഷാ മുന്നറിയിപ്പുകളും ഇല്ലായിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ കണ്ടത് കാര്‍ വെള്ളത്തില്‍ മുങ്ങുന്നതാണ്. ഇരുപതോളം മത്സ്യത്തൊഴിലാളികളും നാട്ടുകാരും കാര്‍ ഉയര്‍ത്താന്‍ നോക്കിയെങ്കിലും മുങ്ങിപ്പോയിരുന്നു. ഒഴുക്കും ആഴവും ചെളിയുമുള്ള ഭാഗമായതിനാല്‍ കാര്‍ കണ്ടെത്താനായില്ല.
അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ ഡൈവിങ് ടീമെത്തിയാണ് കാര്‍ പുറത്തെടുത്തത്. അപരിചിതരായ നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന ചേര്‍ത്തല-കുമരകം റോഡില്‍ കൈപ്പുഴമുട്ട് പാലത്തില്‍ സിഗ്‌നല്‍ ലൈറ്റോ റിഫ്‌ളക്ടര്‍ സംവിധാനമോ ദിശാസൂചനാ ബോര്‍ഡോ ഇല്ലാത്തത് അപകടത്തിന് കാരണമാകുന്നതായി പ്രദേശവാസികള്‍ പറയുന്നു. പ്രധാന റോഡും സര്‍വീസ് റോഡും തിരിച്ചറിയാന്‍ പറ്റില്ല. ഈ ഭാഗത്ത് ആറിന് 15 അടി താഴ്ചയും ഉണ്ട്.