കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശകമ്പനികളുടെ സര്‍വീസിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി ഉടന്‍ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിയാലിന്റെ 15-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.
പ്രധാനമന്ത്രിയുമായി ഈ വിഷയം ചര്‍ച്ചചെയ്തിട്ടുണ്ട്. അദേഹത്തിന്റെ നിര്‍ദേശ പ്രകാരം കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിയുമായും ഉടന്‍ കൂടിക്കാഴ്ച നടത്തും. കണ്ണൂരില്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിന് വിമാന കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എയര്‍പോര്‍ട്ട് സര്‍വീസ് ഇന്റര്‍നാഷണല്‍ നടത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി സര്‍വേയില്‍ കണ്ണൂര്‍ വിമാനത്താവളം ഇന്ത്യയിലെ മികച്ച മൂന്ന് വിമാനത്താവളങ്ങളുടെ പട്ടികയിലും ആഗോളതലത്തില്‍ ആദ്യ പത്തിലും ഇടം നേടിയിട്ടുണ്ട്. കിയാലിന്റെ നിലവിലുള്ള കടം പുനക്രമീകരിക്കാന്‍ ആര്‍.ഇ.സി ലിമിറ്റഡുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നുണ്ട്. അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.