കെസിബിസി നാടക മേളയ്ക്ക് തുടക്കമായി; 30 ന് സമാപിക്കും

കെസിബിസി നാടക മേളയ്ക്ക് തുടക്കമായി; 30 ന് സമാപിക്കും

കൊച്ചി: കേരളത്തിലെ പ്രഫഷണല്‍ നാടക മേഖലയെ വളര്‍ത്തുന്നതില്‍ മൂന്നര പതിറ്റാണ്ടായി തുടരുന്ന കെസിബിസി അഖിലകേരള നാടക മേളകള്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പാലാരിവട്ടം പിഒസിയില്‍ ആരംഭിച്ച 35-ാമത് കെസിബിസി അഖില കേരള പ്രഫഷണല്‍ നാടകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വരാപ്പുഴ സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു. നല്ല നാടകങ്ങള്‍ക്കും നാടക പ്രവര്‍ത്തകര്‍ക്കും പൊതു മണ്ഡലങ്ങളില്‍ അര്‍ഹമായ അംഗീകാരം ഇനിയും ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, പയ്യന്നൂര്‍ മുരളി, നടന്‍ കൈലാഷ്, ഡോ. അജു നാരായണന്‍, ചാവറ മാട്രിമണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സന്‍ സി. ഏബ്രഹാം, ടി. എം. ഏബ്രഹാം, ഷേര്‍ളി സോമസുന്ദരം, പൗളി വത്സന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് കാളിദാസ കലാകേന്ദ്രയുടെ ''അച്ഛന്‍' എന്ന നാടകം അവതരിപ്പിച്ചു. 30 വരെ ദിവസവും വൈകുന്നേരം ആറിനാണ് നാടകാവതരണം. ഇന്ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ ''അനന്തരം', നാളെ കോഴിക്കോട് സങ്കീര്‍ത്തനയുടെ ''വെളിച്ചം', 26 ന് ആലപ്പുഴ സൂര്യകാന്തിയുടെ ''കല്യാണം', 27 ന് കൊല്ലം അനശ്വരയുടെ ''അന്നാ ഗാരേജ്' തുടങ്ങിയ നാടകങ്ങള്‍ അരങ്ങേറും.

28 ന് തിരുവനന്തപുരം സാഹിതിയുടെ ''മുച്ചീട്ടു കളിക്കാരന്റെ മകള്‍', 29 ന് കൊച്ചിന്‍ ചന്ദ്രകാന്തിയുടെ ''ഉത്തമന്റെ സങ്കീര്‍ത്തനം' എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും. 30 ന് സമ്മാനദാനത്തെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യയുടെ ''യാത്ര' എന്ന നാടകം അവതരിപ്പിക്കും. നാടകങ്ങള്‍ കാണുന്നതിനുള്ള പ്രവേശന പാസ് കെസിബിസി മീഡിയ കമ്മീഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8281054656.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.