ഇന്ന് ഗാന്ധി ജയന്തി. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155-ാം ജന്മദിനാഘോഷിക്കുകയാണ് രാജ്യം. അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത സഹനസമര മാതൃക തീര്‍ത്ത് ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി മാറിയ വ്യക്തിത്വമാണ് ഗാന്ധിജി.
ഒക്ടോബര്‍ രണ്ടിന് അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിച്ച് വരികയാണ്. 2007 ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് അഹിംസാദിനം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പര്യായമായി മാറിയ ഗാന്ധിജി അഹിംസാ മന്ത്രം ഉയര്‍ത്തിപ്പിടിച്ചാണ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും ഇന്ത്യ മോചനം നേടി തന്നത്.
ഈ വര്‍ഷത്തെ ഗാന്ധി ജയന്തി ദിനം രാജ്യം വിപുലമായാണ് ആഘോഷിക്കുന്നത്. പരിസരം ശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഘട്ടില്‍ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചന നടത്തും. രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും സര്‍ക്കാരുകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷങ്ങള്‍ നടക്കും. വിവിധ കേന്ദ്രങ്ങളിലെ ഗാന്ധി പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തും.
അതേപോലെ രാജ്യത്ത് സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ടുള്ള ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ സ്വച്ഛ് ഭാരത് മിഷന്‍ ആരംഭിച്ചിട്ട് ഒക്ടോബര്‍ രണ്ടിന് പത്ത് വര്‍ഷം. ഗാന്ധിജയന്തി ദിനത്തില്‍ ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 9,600 കോടിയിലധികം രൂപയുടെ ശുചിത്വ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.