സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; തിന്മയുടെ അച്ചുതണ്ടിനെതിരായ യുദ്ധത്തിൽ വിജയിക്കുമെന്ന് നെതന്യാഹു

സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; തിന്മയുടെ അച്ചുതണ്ടിനെതിരായ യുദ്ധത്തിൽ വിജയിക്കുമെന്ന് നെതന്യാഹു

ടെൽഅവീവ്: ലെബനനിൽ ഹിസ്ബുള്ളയുമായി നടത്തിയ പോരാട്ടത്തിനിടെ എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ബെയ്‌റൂട്ടിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം അതിർത്തി കടന്ന് കരയുദ്ധം ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ ഉണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് മധ്യ ബെയ്‌റൂട്ടിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. അതിർത്തി മേഖലയായ മറൂൺ എൽ റാസിൽ ഇസ്രയേലിന്റെ മൂന്ന് യുദ്ധടാങ്കുകൾ നശിപ്പിച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടിട്ടുണ്ട്. ലെബനന്റെ കൂടുതൽ ഉൾഭാഗത്തേക്ക് മുന്നേറുകയാണെന്നും, കൂടുതൽ ഗ്രാമങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രയേൽ വ്യക്തമാക്കി.

അതേസമയം ഇസ്രയേലി സൈനികരുടെ മരണത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുശോചനം അറിയിച്ചു. ഇസ്രയേലിനെ നശിപ്പിക്കാൻ ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന തിന്മയുടെ അച്ചുതണ്ടിനെതിരായ പോരാട്ടത്തിലാണ് തങ്ങൾ. ഒരുമിച്ച് നിൽക്കുകയും ദൈവത്തിന്റെ സഹായത്തോടെ ഈ പോരാട്ടത്തിൽ വിജയിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ള ഭീകരരുടെ ആക്രമണത്തെ തുടർന്ന് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് വീടുകൾ ഉപേക്ഷിച്ച് പോയവരെ തിരികെ എത്തിക്കാൻ സാധിക്കുമെന്നും നെതന്യാഹു പറഞ്ഞു.

ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേലും അമേരിക്കയും അറിയിച്ചിട്ടുണ്ട്. യുഎന്നും വിഷയത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗൂട്ടെറസ് അപലപിക്കാത്തതിൽ ഇസ്രയേൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.