ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറടക്കം ശനിയാഴ്ച പുത്തന്‍കുരിശില്‍; സഭയില്‍ 14 ദിവസത്തെ ദുഖാചരണം

ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറടക്കം ശനിയാഴ്ച പുത്തന്‍കുരിശില്‍; സഭയില്‍ 14 ദിവസത്തെ ദുഖാചരണം

തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറടക്കം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് പുത്തന്‍കുരിശ് പള്ളിയില്‍ ബാവ നിര്‍ദേശിച്ചിടത്ത് സംസ്‌കാരം നടത്തും.

ഇന്ന് വൈകുന്നേരം നാല് മുതല്‍ ശനിയാഴ്ച വൈകുന്നേരം മൂന്ന് വരെ പുത്തന്‍കുരിശ് പത്രിയാര്‍ക്കീസ് സെന്ററില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.
തോമസ് പ്രഥമന്‍ ബാവായുടെ സംസ്‌കാര ക്രമീകരണങ്ങള്‍:

ഭൗതിക ശരീരം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങള്‍ക്ക് ശേഷം ഇന്നലെ രാത്രി ആശുപത്രിയില്‍ നിന്ന് പെരുമ്പാവൂര്‍ വഴി കോതമംഗലം ചെറിയ പള്ളിയില്‍ എത്തിച്ചിരുന്നു. അവിടെ പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് (നവംബര്‍ ഒന്ന് വെള്ളി) രാവിലെ എട്ടിന് വി. കുര്‍ബാന കോതമംഗലം ചെറിയ പള്ളിയില്‍ നടക്കും. 9:30 ന് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേരും. തുടര്‍ന്ന് 10:30 ന് സംസ്‌കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകള്‍ ആരംഭിക്കും.

ഉച്ചനമസ്‌ക്കാരം കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിക്ക് കോതമംഗലം ചെറിയ പള്ളിയില്‍ നിന്ന് വലിയ പള്ളിയില്‍ ഭൗതിക ശരീരം എത്തിക്കും. തുടര്‍ന്ന് നാലിന് കോതമംഗലം വലിയ പള്ളിയില്‍ നിന്ന് മൂവാറ്റുപുഴ വഴി പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഭൗതിക ശരീരം എത്തിക്കും. ശേഷം പൊതു ദര്‍ശനം ഉണ്ടാകും.
നവംബര്‍ രണ്ട് ശനിയാഴ്ച രാവിലെ എട്ടിന് പാത്രിയര്‍ക്കാ സെന്റര്‍ മോര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ വി.കുര്‍ബാന ഉണ്ടായിരിക്കും. മൂന്ന് മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രുഷകള്‍ ആരംഭിക്കും.

ശ്രേഷ്ഠ ബാവായുടെ വിയോഗത്തില്‍ പള്ളികളിലും പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഖാചരണം നടക്കും. സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപങ്ങളിലും നവംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ അവിടുത്തെ ക്രമികരണങ്ങള്‍ അനുസരിച്ച് അവധി നല്‍കണമെന്നും നിര്‍ദേശമുണ്ട്.
സഭയുടെ ദേവാലയങ്ങളില്‍ ദുഖാചരണം ആയതുകൊണ്ട് പെരുന്നാളുകളും ആചാരണങ്ങളും നടക്കുന്നു എങ്കില്‍ അത് ആഘോഷങ്ങള്‍ ഇല്ലാതെ നടത്തപ്പെടേണ്ടതാണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.