കോഴിക്കോട്: കോഴിക്കോടിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രത്യേക വാഗ്ദാനം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള അഞ്ചേക്കര്‍ സ്ഥലത്ത് ഐ.ടി ഹബ്ബാണ് കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
'സ്റ്റേഷനുമായി ബന്ധപ്പെട്ട് അവലോകനം നടത്തുമ്പോള്‍ കൂടെ ഉണ്ടായിരുന്ന സംഘത്തോട് ഞാന്‍ ചോദിച്ചു, ഇവിടെ ഒരു ഐ.ടി ഹബ്ബ് പണിയാനുള്ള സ്ഥലം കണ്ടെത്താമോ എന്ന്. ഉടന്‍ തന്നെ ജനറല്‍ മാനേജര്‍ മാപ്പില്‍ നോക്കി അഞ്ചേക്കറോളം വരുന്ന സ്ഥലം കണ്ടെത്തി.
സ്റ്റേഷനോട് അടുത്ത് വരുന്ന സ്ഥലമാണത്. ആ പ്രദേശം വികസിപ്പിക്കാന്‍ ഞാന്‍ അദേഹത്തോട് പറഞ്ഞു, അവിടെ നാളെ ഒരു സുന്ദരമായ ഐ.ടി ഹബ്ബ് ഉണ്ടാക്കാന്‍ സാധിക്കും. അങ്ങനെയാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ അക്ഷരങ്ങളുടെ നഗരമായ കോഴിക്കോടിന് നല്ലൊരു ഐ.ടി ഹബ്ബ് ലഭ്യമാകും' - അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഏകദിന സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ റെയില്‍ മന്ത്രി റെയിവേ വികസനവുമായി ബന്ധപ്പെട്ടും നിലപാട് വ്യക്തമാക്കിയിരുന്നു. കെ റെയിലിന്റെ സാധ്യതകള്‍ വീണ്ടും തുറന്നിട്ട മന്ത്രി സംസ്ഥാനത്തെ പാത ഇരട്ടിപ്പിക്കലിന് പ്രഥമ പരിഗണന നല്‍കുന്നതായും അറിയിച്ചു.