പി.പി ദിവ്യ ജയില്‍ മോചിതയായി: നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദുഖമുണ്ടെന്ന് ആദ്യ പ്രതികരണം

പി.പി ദിവ്യ ജയില്‍ മോചിതയായി: നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദുഖമുണ്ടെന്ന് ആദ്യ പ്രതികരണം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദുഖമുണ്ടെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ. ഉദ്യോഗസ്ഥരോട് സദുദ്ദേശത്തോടെ മാത്രമേ ഇടപെടാറുള്ളൂവെന്നും ദിവ്യ ആവര്‍ത്തിച്ചു. താനിപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നു. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.

നവീന്‍ ബാബുവിന്റെ കുടുംബത്തെ പോലെ തന്നെ എഡിഎമ്മിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്ന് ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്കുന്നിലെ വനിതാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

തന്നെ പൊതുപ്രവര്‍ത്തന രംഗത്ത് നിങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ജില്ലാ പഞ്ചായത്തില്‍ 14 വര്‍ഷമായി ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഉദ്യോഗസ്ഥരുമായും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി സഹകരിച്ച് പോകുന്നയാളാണ് താന്‍. പക്ഷെ ദൗര്‍ഭാഗ്യവശാല്‍, താന്‍ ഇപ്പോഴും പറയുന്നു. സദുദ്ദേശപരമായിട്ട് മാത്രമേ ഏത് ഉദ്യോഗസ്ഥരോടും സംസാരിക്കാറുള്ളൂ. താന്‍ ഇപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും തന്റെ ഭാഗം കോടതിയില്‍ പറയുമെന്നും അവര്‍ വ്യക്തമാക്കി.

നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ, അദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായി അന്വേഷണം നടക്കണം എന്ന് തന്നെയാണ് താനും ആഗ്രഹിക്കുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള അവസരം തനിക്ക് കോടതിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.പി ദിവ്യ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.