ഫീസ് വര്‍ധന: സംസ്ഥാനത്തെ കോളജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

 ഫീസ് വര്‍ധന: സംസ്ഥാനത്തെ കോളജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കോളജുകളില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്. നാല് വര്‍ഷ ഡിഗ്രി കോഴ്‌സ് ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരള-കാലിക്കറ്റ് സര്‍വകലാശാലകളുടെ നാല് വര്‍ഷ ബിരുദ കോഴ്സുകളിലേക്കുള്ള പരീക്ഷാ ഫീസ് ക്രമാനുഗതമായി വര്‍ധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ഇരട്ടിയോളം വര്‍ധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കില്‍ ഉണ്ടായിരിക്കുന്നതെന്നും എഐഎസ്എഫ് നേതൃത്വം ചൂണ്ടിക്കാട്ടി. പുതിയ സിലബസിന് അനുസൃതമായി താല്‍പര്യപൂര്‍വം നാല് വര്‍ഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാര്‍ഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വര്‍ധനവ്. സാധാരണ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സര്‍വകലാശാലയുടെ വിദ്യാര്‍ഥി വിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും എഐഎസ്എഫ് ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ അവകാശമാണെന്ന് മനസിലാക്കി അത്യന്തം വിദ്യാര്‍ഥിവിരുദ്ധമായ കേരള-കാലിക്കറ്റ് സര്‍വകലാശാലകളുടെ തീരുമാനം പുനപരിശോധിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ സമരം ബാധിക്കില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.