ന്യൂഡല്‍ഹി: ബ്രസീലില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗയാനയിലേക്ക് പുറപ്പെട്ടു. പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലിയുടെ ക്ഷണപ്രകാരമാണ് നവംബര്‍ 21 വരെയുള്ള മോഡിയുടെ ഗയാന സന്ദര്‍ശനം. 50 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാന സന്ദര്‍ശിക്കുന്നത്.
ബ്രസീലില്‍ നിന്ന് ഗയാനയിലേക്ക് പ്രധാനമന്ത്രി പുറപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് അറിയിച്ചത്. റിയോ ഡി ജനീറോയില്‍ നടന്ന ക്രിയാത്മകവും ഫലപ്രദവുമായ ജി 20 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടമായ ഗയാനയിലേക്ക് പോകുന്നു എന്നായിരുന്നു പോസറ്റ്.
നേരത്തെ ബ്രസീലില്‍വച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരുള്‍പ്പെടെയുള്ള ആഗോള നേതാക്കളുമായി മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു. നൈജീരിയയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മോഡി തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ എത്തിയത്. നൈജീരിയയില്‍വച്ച് അദേഹം പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കൂടാതെ അവിടുത്തെ ഇന്ത്യന്‍ സമൂഹവുമായും ആശയവിനിമയം നടത്തിയിരുന്നു.