കൊച്ചി: നെടുമ്പാശേരി വിമാന താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഡല്‍ഹിയിലേക്ക് പറക്കേണ്ട വിമാനമാണ് വൈകുന്നത്. ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടേണ്ട വിമാനം ഇതുവരെ യാത്ര തുടങ്ങിയിട്ടില്ല. 347 യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
സാങ്കേതിക തകരാറാണ് വൈകാനുള്ള കാരണമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഭക്ഷണവും വെള്ളവും പോലും ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. തുടര്‍ യാത്ര സംബന്ധിച്ച് വ്യക്തത തരാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണി മണിക്ക് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയിരുന്നു. എന്നാല്‍ വിമാനം പുറപ്പെട്ടില്ല. വൈകുന്നേരം അഞ്ച് വരെ യാത്രക്കാരെ വിമാനത്തില്‍ ഇരുത്തി. തകരാര്‍ പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കുകയായിരുന്നു. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ള യാത്രക്കാരാണ് ദുരിതത്തിലായത്.