തൃശൂര്‍: തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിനേയും ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനേയും കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി സംസ്ഥാനതലത്തില്‍ നടത്തുന്ന സ്‌നേഹയാത്രയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.
ബിഷപ് ഹൗസില്‍ എത്തിയാണ് ആര്‍ച്ച് ബിഷപ്പിനെ കണ്ടത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവും ക്രിസ്തുമസ് മധുരവും അദേഹം ബിഷപ്പിന് കൈമാറി. സ്‌നേഹ യാത്രയെ കുറിച്ചും അതിന് വിശ്വാസികളില്‍ നിന്നും ലഭിക്കുന്ന പിന്തുണയെ കുറിച്ചും സുരേന്ദ്രന്‍ ബിഷപ്പിനോട് വിവരിച്ചു.
തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ വീട്ടിലെത്തിയാണ് കെ. സുരേന്ദ്രന്‍ സന്ദര്‍ശനം നടത്തിയത്. മേയറിന് ക്രിസ്തുമസ് മധുരവും പ്രധാനമന്ത്രിയുടെ സന്ദേശവും സുരേന്ദ്രന്‍ കൈമാറി. ഹൃദ്യമായ സ്വീകരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷനും നേതാക്കള്‍ക്കും മേയര്‍ ഒരുക്കിയത്. ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.കെ അനീഷ് കുമാര്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.