ന്യൂഡല്‍ഹി: ഭരണഘടന ജീവനുള്ള രേഖയായി മാറിയെന്നും അത് ജനങ്ങളെ ഒരു കുടുംബമായി ബന്ധിപ്പിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യക്കാര്‍ എന്ന നിലയില്‍ കൂട്ടായ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറ ഭരണഘടന നല്‍കുന്നുണ്ട്. ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് വ്യക്തമാക്കി.
രാഷ്ട്രപതി രാജ്യത്തെ ജനങ്ങള്‍ക്ക് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു. ഇന്ത്യയാണ് ഇന്ന് ലോകത്തെ നയിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ക്ഷേമം എന്ന ആശയം സര്‍ക്കാര്‍ പുനര്‍ നിര്‍വചിക്കുകയും അടിസ്ഥാന ആവശ്യങ്ങള്‍ അവകാശമാക്കുകയും ചെയ്തതായി പ്രസിഡന്റ് ദ്രൗപതി മുര്‍മു പറഞ്ഞു. ഭരണത്തില്‍ തുടര്‍ച്ച പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക ഭാരം കുറയ്ക്കാനും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പദ്ധതിക്ക് കഴിയുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിനാഘോഷം എല്ലാ രാജ്യക്കാര്‍ക്കും കൂട്ടായ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണ്. ഒരു ജനതയുടെ ചരിത്രത്തിലെ 75 വര്‍ഷ കാലം കണ്ണിറുക്കല്‍ പോലെയാണെന്ന് പറയാം. പക്ഷെ തന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ 75 വര്‍ഷത്തെ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഇതൊന്നും പറയാനാവില്ല. ഏറെ നാളായി ഉറങ്ങിക്കിടന്ന ഇന്ത്യയുടെ ആത്മാവ് വീണ്ടും ഉണര്‍ന്ന് ലോക സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം നേടിയെടുക്കാന്‍ നമ്മുടെ രാജ്യം മുന്നേറുന്ന കാലഘട്ടമാണിതെന്നും അവര്‍ വ്യക്തമാക്കി.