ന്യൂഡല്‍ഹി: ശക്തമായ മത്സരം നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. 1.56 കോടിയിലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും, 70 മണ്ഡലങ്ങളിലെയും 699 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കും. കര്‍ശനമായ സുരക്ഷാ സംവിധാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി ബിജെപിക്കെതിരെ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്താന്‍ ലക്ഷ്യമിടുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഭരണ റെക്കോര്‍ഡും ക്ഷേമ പദ്ധതികളും അവര്‍ ആശ്രയിക്കുന്നു. 25 വര്‍ഷത്തിലേറെയായി ഡല്‍ഹി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ബിജെപി, ആം ആദ്മി പാര്‍ട്ടിയുടെ അഴിമതിയും ദുര്‍ഭരണവും ആരോപിച്ച് ആക്രമണാത്മക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്ത കോണ്‍ഗ്രസ് തിരിച്ചുവരവിനായി ശക്തമായ പ്രചാരണമാണ് നടത്തിയത്.
ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം, പ്രചാരണത്തിന് നേതൃത്വം നല്‍കിയത് കെജരിവാളും നഗരത്തിലുടനീളം റാലികള്‍ നയിച്ച മുഖ്യമന്ത്രി അതിഷിയുമാണ്. മദ്യനയ അഴിമതിയില്‍ ജാമ്യത്തിലിറങ്ങിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രാജിവച്ച കെജരിവാളിന് ഈ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കുന്നതിലൂടെ ഉന്നത സ്ഥാനത്തേക്ക് മടങ്ങാനുള്ള ജനവിധിയാണ് അദ്ദേഹം ഇപ്പോള്‍ തേടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ബിജെപിയുടെ പ്രചാരണത്തില്‍ അഴിമതി, ക്രമസമാധാനം, ഭരണ പരാജയങ്ങള്‍ എന്നിവ ആരോപിച്ച് എഎപിയെ ആക്രമിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്, എഎപിയെയും ബിജെപിയെയും വിവിധ മേഖലകളില്‍ ലക്ഷ്യം വച്ചുകൊണ്ട് ശക്തമായ പോരാട്ടം നടത്തി. വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി എല്ലാ പാര്‍ട്ടികളും നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.