കൊച്ചി: സംസ്ഥാനമൊട്ടാകെ നടന്ന കോടികളുടെ ഓഫര്‍ തട്ടിപ്പില്‍ പ്രാഥമിക വിവര ശേഖരണം നടത്തി ഇ.ഡി. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചു. തട്ടിപ്പിലൂടെ അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. അനന്തു രൂപീകരിച്ച ട്രസ്റ്റിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്നും ഇ.ഡി പരിശോധിക്കും.
തട്ടിപ്പ് പുറത്തായതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു കൃഷ്ണന്‍ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. ഇടത്തരക്കാരെ ലക്ഷ്യം വെച്ച് പാതി വിലയ്ക്ക് ഇരുചക്ര വാഹനം, തയ്യല്‍ മെഷീന്‍, ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
വിശ്വാസ്യതയുണ്ടെന്ന് വരുത്താന്‍ മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ള ജനപ്രതിനിധികളെയും ഉപയോഗപ്പെടുത്തി. വിതരണോദ്ഘാടനത്തിന് ജനപ്രതിനിധികള്‍ എത്തിയതോടെ തട്ടിപ്പിന് കൂടുതല്‍ ആധികാരികതയും കൈവന്നു.
പദ്ധതിക്ക് ജനപ്രീതി ലഭിച്ചതോടെ ജനപ്രതിനിധികളും മുന്നിട്ടിറങ്ങുകയായിരുന്നു. ഓരോ ബ്ലോക്ക് പഞ്ചായത്തിലും സോഷ്യോ ഇക്കണോമിക് ആന്‍ഡ് ഡവലപ്മെന്റല്‍ സൊസൈറ്റി (സീഡ്) രൂപീകരിച്ചു. ഭാരവാഹികളായി രാഷ്ട്രീയ നേതാക്കളെയും പഞ്ചായത്ത് ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ രൂപീകരിച്ചായിരുന്നു തട്ടിപ്പ്.
അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് 1000 കോടി കടക്കുമെന്ന് പൊലീസ് നിഗമനം. മുവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണന്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയാണ് എത്തിയത്. കേസില്‍ അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. അനന്തുവിന്റെ മൂവാറ്റുപുഴയിലെ ഓഫീസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം വിശദമായി ചോദ്യം ചെയ്യും. തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്തെന്ന് കണ്ടെത്താന്‍ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും.