അടങ്ങാത്ത ആനക്കലി: കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു; ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് മരിച്ചത് നാല് പേര്‍

 അടങ്ങാത്ത ആനക്കലി: കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു; ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് മരിച്ചത് നാല് പേര്‍

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അട്ടമല സ്വദേശി ബാലനാണ് (27) മരിച്ചത്. അട്ടമല ഗ്ലാസ് ബ്രിഡ്ജിന് സമീപം ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ക്ക് സമീപമുള്ള സ്ഥലമാണ് അട്ടമല. ഉരുള്‍പൊട്ടലിന് ശേഷം ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണെന്ന് അധികൃതരെ അറിയിച്ചിട്ടും വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പ്രദേശത്ത് പുലിയുടെ ശല്യവും ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ബാലന്റെ രണ്ട് പശുക്കളെ പുലി ആക്രമിച്ചിരുന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.

കാട്ടാനകളുടെ ആക്രമണത്തില്‍ തിരുവനന്തപുരത്തും വയനാട്ടിലും ഇടുക്കിയിലുമായി കഴിഞ്ഞ ദിവസം മൂന്ന് ജീവനുകള്‍ നഷ്ടമായിരുന്നു. വയനാട്ടില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ നരിക്കൊല്ലി മെഴുകന്‍മൂല ഉന്നതിയിലെ മാനു (46), തിരുവനന്തപുരം വലിയ പുലിക്കോട് ചതുപ്പില്‍ തടത്തരികത്ത് വീട്ടില്‍ ബാബു (54), ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ സോഫിയ ഇസ്മായില്‍(45) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇതിനു പിന്നാലെയാണ് മറ്റൊരാള്‍ കൂടി കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.