ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി ആക്രമണം: രണ്ട് മരണം, 11 പേര്‍ക്ക് പരിക്ക്; പ്രതി അറസ്റ്റില്‍

ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി ആക്രമണം: രണ്ട് മരണം, 11 പേര്‍ക്ക് പരിക്ക്; പ്രതി അറസ്റ്റില്‍

ബെര്‍ലിന്‍: ജര്‍മനിയിലെ മാന്‍ഹൈം നഗരത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ആക്രമണം. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചതായും പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പടിഞ്ഞാറന്‍ ജര്‍മനിയുടെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന പാരഡേപ്ലാറ്റ്സ് സ്‌ക്വയറില്‍ നിന്ന് മാന്‍ഹൈമിലെ വാട്ടര്‍ ടവറിലേക്കുള്ള പാതയിലാണ് കറുത്ത നിറത്തിലുള്ള എസ്.യു.വി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റിയത്.

പ്രതിയെന്ന സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അയല്‍ സംസ്ഥാനമായ റൈന്‍ലാന്‍ഡ്-പാലറ്റിനേറ്റില്‍ നിന്നുള്ള നാല്‍പത്തുകാരനായ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി സംശയമുണ്ടെന്ന് മാന്‍ഹൈം ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ റോമിയോ ഷ്‌ലൂസ്ലര്‍ പറഞ്ഞു.

ആക്രമണത്തിന് ശേഷം ബ്ലാങ്ക്-ഫയറിങ്് തോക്ക് ഉപയോഗിച്ച് വായില്‍ സ്വയം വെടിവച്ച ഇയാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിനാല്‍ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ജര്‍മനിയില്‍ കാര്‍ണിവല്‍ സീസണ്‍ ആയതിനാല്‍ പൊലീസ് അതീവ ജാഗ്രതയിലാണ്.

അടുത്തിടെയായി ജര്‍മനിയില്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മ്യൂണിക്കില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയുണ്ടായ ആക്രമണത്തില്‍ മുപ്പത്തേഴുകാരിയും അവരുടെ രണ്ട് വയസുള്ള മകളും മരിച്ചിരുന്നു. ഫര്‍ഹാദ് നൂറി എന്നയാള്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.