ഗാസ സിറ്റി: ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണമെന്നും ഉടൻ ഗാസ വിട്ടുപോകണമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി ഹമാസ്. സ്ഥിരമായ വെടിനിർത്തൽ കരാറിന്റെ ഭാഗമായല്ലാതെ ബന്ദിമോചനം സാധ്യമാകില്ലെന്ന് ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് ഖനൂവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ഞങ്ങളുടെ ജനങ്ങൾക്കെതിരായ ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണി കരാറിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള നെതന്യാഹുവിന്റെ ശ്രമങ്ങള്‍ക്കുള്ള പിന്തുണയാണ്. അത് ഉപരോധവും ജനതയുടെ പട്ടിണിയും വര്‍ധിപ്പിക്കുമെന്നും ഖനൂവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയിൽ 59 ബന്ദികളെയാണ് ഹമാസ് തടവിലാക്കിയത്. ഇതിൽ 35 പേർ മരിച്ചതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചിരുന്നു. 25 ബന്ദികളെയും എട്ടു മൃതദേഹങ്ങളുമാണ് 42 ദിവസം നീണ്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായി ജനുവരി മുതൽ ഹമാസ് വിട്ടുനൽകിയത്. രണ്ടായിരത്തോളം പലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. കരാറിന്റെ ആദ്യ ഘട്ടം ശനിയാഴ്ചയാണ് അവസാനിച്ചത്. കരാർ നീട്ടുന്നതിനുള്ള ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല.