ടെല്‍ അവീവ്: വെസ്റ്റ് ബാങ്കില്‍ ഒരു മാസത്തിലേറെയായി ബന്ദികളാക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിച്ച് ഇസ്രയേല്‍ സൈന്യം. നിര്‍മാണ തൊഴിലാളികളായ പത്ത് പേരെയാണ് ഇസ്രയേല്‍ അധികൃതര്‍ കണ്ടെത്തി തിരികെ ടെല്‍ അവീവില്‍ എത്തിച്ചത്. മോചിതരായവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേലിനോട് അഭ്യര്‍ഥിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
ഒരു മാസത്തിലേറെയായി തടങ്കലിലായിരുന്ന ഇന്ത്യയില്‍ നിന്നുള്ള പത്ത് തൊഴിലാളികളെ ഒറ്റ രാത്രികൊണ്ട് രക്ഷപ്പെടുത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിര്‍മാണ പ്രവൃത്തികള്‍ക്കായി ഇസ്രയേലിലെത്തിയവരാണ് തടവിലാക്കപ്പെട്ട തൊഴിലാളികള്‍. ഇവരെ ജോലി വാഗ്ദാനം ചെയ്ത് വെസ്റ്റ് ബാങ്കിലെത്തിക്കുകയായിരുന്നു.
ഇസ്രയേല്‍ സൈന്യവും നീതിന്യായ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അതേസമയം ഇവരുടെ പാസ്‌പോര്‍ട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത് ഇസ്രയേല്‍ സൈന്യം തിരിച്ചറിഞ്ഞതായും പിന്നീട് പാസ്‌പോര്‍ട്ട് തിരികെ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം പാലസ്തീനില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളിക്കള്‍ക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഈ പശ്ചാത്തലത്തില്‍ ഏകദേശം 16,000 ത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ ഇസ്രയേലില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ രീതിയില്‍ ഇസ്രയേലിലെത്തിയ ഇന്ത്യക്കാരെയാണ് ബലമായി വെസ്റ്റ് ബാങ്കില്‍ പിടിച്ചുവെച്ചത്.