മണിപ്പൂരിലുടനീളം സുരക്ഷാ സേനയുടെ റെയ്ഡ്; 114 ആയുധങ്ങള്‍ കണ്ടെടുത്തു, പരിശോധന തുടരുന്നു

 മണിപ്പൂരിലുടനീളം സുരക്ഷാ സേനയുടെ റെയ്ഡ്; 114 ആയുധങ്ങള്‍ കണ്ടെടുത്തു, പരിശോധന തുടരുന്നു

ഇംഫാല്‍: മണിപ്പൂരിലെ നിരവധി ജില്ലകളില്‍ സുരക്ഷാ സേനയുടെ സംയുക്ത പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, മറ്റ് സൈനിക ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു. മണിപ്പൂര്‍ പൊലീസ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവയുമായി ഏകോപിപ്പിച്ച് ഇന്ത്യന്‍ ആര്‍മിയും അസം റൈഫിള്‍സും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്.

റൈഫിളുകള്‍, കാര്‍ബൈനുകള്‍, പിസ്റ്റളുകള്‍ എന്നിവയുള്‍പ്പെടെ 114 ആയുധങ്ങളും ഗ്രനേഡുകള്‍, ഇംപ്രൊവൈസ്ഡ് സ്‌ഫോടക വസ്തുക്കള്‍, മറ്റ് സൈനിക സാമഗ്രികള്‍ എന്നിവയും സുരക്ഷാ സേന കണ്ടെടുത്തു. കാങ്പോക്പി ജില്ലയിലെ ബങ്കറുകളും നശിപ്പിക്കപ്പെട്ടു.

ബിഷ്ണുപൂര്‍ ജില്ലയില്‍ നിന്ന് സുരക്ഷാ സേന രണ്ട് കാര്‍ബൈനുകള്‍, രണ്ട് പിസ്റ്റളുകള്‍, രണ്ട് റൈഫിളുകള്‍, ഒരു ഇംപ്രൊവൈസ്ഡ് മോര്‍ട്ടാര്‍ എന്നിവയുള്‍പ്പെടെ ഏഴ് ആയുധങ്ങള്‍ കണ്ടെടുത്തു. ചന്ദേല്‍ ജില്ലയില്‍ നടത്തിയ തിരച്ചിലില്‍ 12 ബോര്‍ സിംഗിള്‍ ബാരല്‍ റൈഫിളുകള്‍, മസില്‍-ലോഡഡ് റൈഫിളുകള്‍, ഒരു ഇംപ്രൊവൈസ്ഡ് ഷോട്ട്ഗണ്‍, 32 ഇംപ്രൊവൈസ്ഡ് മോര്‍ട്ടാറുകള്‍, നാല് സ്‌ഫോടകവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 55 ആയുധങ്ങള്‍ കണ്ടെടുത്തു.

സേനാപതി ജില്ലയിലെ തഫൗ കുക്കിയില്‍ അസം റൈഫിള്‍സും മണിപ്പൂര്‍ പൊലീസും നടത്തിയ തിരച്ചിലില്‍ സിംഗിള്‍ ബാരല്‍, ഡബിള്‍ ബാരല്‍ തോക്കുകള്‍ ഉള്‍പ്പെടെ നാല് ആയുധങ്ങള്‍ കണ്ടെടുത്തു. ചുരാചന്ദ്പൂര്‍ ജില്ലയിലെ ഗോത്തോളില്‍ നിന്ന്‌ന 15 ആയുധങ്ങളും ജിരിബാം ജില്ലയിലെ അന്‍ഖാസു ഗ്രാമത്തില്‍ നിന്ന് സുരക്ഷാ സേന ഒമ്പത് മോര്‍ട്ടാറുകളും കണ്ടെടുത്തു. ഇംഫാല്‍ ഈസ്റ്റിലെ പൗരാബി, സാവോംബംഗ്, കലിക എന്നിവിടങ്ങളില്‍ നടത്തിയ ഓപ്പറേഷനുകളില്‍ ആറ് ആയുധങ്ങളും കാങ്പോക്പി ജില്ലയിലെ ഖെന്‍ഗാങ് ഗ്രാമത്തില്‍ നടത്തിയ തിരച്ചിലില്‍ നാല് ആയുധങ്ങളും കിട്ടി. ഇവിടുത്ത 12 ബങ്കറുകളും നശിപ്പിച്ചു.

മണിപ്പൂരില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വീണ്ടെടുക്കുന്നതിനായി സുരക്ഷാ സേന ഓപ്പറേഷന്‍ നടത്തിവരികയാണ്. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ ഓപ്പറേഷനുകള്‍ നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.