ലാഹോര്‍: പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് ഭീകരര്‍ 450 യാത്രക്കാരെ ബന്ദികളാക്കി. ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നില്‍. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസിന് നേര്‍ക്കായിരുന്നു ആക്രമണം.
പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് റെയില്‍വേ ട്രാക്കുകള്‍ തകര്‍ത്താണ് ബലൂച് ആര്‍മി ഭീകരര്‍ ട്രെയിന്‍ നിര്‍ത്തിയത്. പിന്നാലെ ട്രെയിനിലേക്ക് ഇരച്ചു കയറിയ ഭീകരര്‍ യാത്രക്കാരെയും ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു.
ട്രെയിന്‍ യാത്രക്കാരെ മുഴുവന്‍ ബന്ദികളാക്കിയതായും ആറ് സൈനികരെ വധിച്ചതായും ബലൂച് ലിബറേഷന്‍ ആര്‍മി പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ സൈന്യം സൈനിക നടപടികള്‍ ആരംഭിച്ചാല്‍ ബന്ദികളെ കൊല്ലുമെന്ന് ഭീകരര്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിനും അടിയന്തര സേവനങ്ങള്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണ് ബലൂചിസ്ഥാന്‍ അധികൃതര്‍. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്നത് പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട സങ്കീര്‍ണമായ ഭൂപ്രദേശമായതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ വെല്ലുവിളികളുണ്ട്. ഒമ്പത് ബോഗികളിലായി 476 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.
പാകിസ്ഥാനില്‍ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്നാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകളുടെ ആവശ്യം.