അബുജ: ക്രൈസ്തവ സഭകള്‍ക്കെതിരെ ആക്രമണങ്ങള്‍ പതിവായ നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികാർത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി. ഔച്ചി രൂപതയിലെ ഒരു പാരിഷ് റെക്ടറിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികാർത്ഥിയായ ആൻഡ്രൂ പീറ്ററിനെയാണ് കൊലപ്പെടുത്തിയത്. വിദ്യാർത്ഥിയോടൊപ്പം തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികൻ ഫാ. ഫിലിപ്പ് എക്‌വേലിയെ മോചിപ്പിച്ചു.
“മാർച്ച് 13ന് എഡോ സ്റ്റേറ്റിലെ എറ്റ്‌സാക്കോ ഈസ്റ്റ് എൽജിഎയിലെ നോർത്ത് ഇബിയിലെ അമുഗെ ഗ്രാമത്തിന് സമീപത്ത് നിന്ന് ഫാ. എക്‌വേലിയെ സുരക്ഷിതമായി മോചിപ്പിച്ചതായി സ്ഥിരീകരിച്ചു. അദേഹത്തിന് ഇപ്പോൾ ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്. എന്നാൽ നിർഭാഗ്യവശാൽ വൈദികനോടൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട 21 വയസുള്ള വൈദികാർത്ഥി ആൻഡ്രൂ പീറ്ററിനെ തട്ടിക്കൊണ്ടുപോയവർ അതിദാരുണമായി കൊലപ്പെടുത്തി”- ഓച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലെവ പറഞ്ഞു.
റെക്ടറിയും പള്ളിയും ആക്രമിച്ച് വാതിലുകളും ജനാലകളും നശിപ്പിച്ചാണ് അക്രമകാരികൾ ഫെബ്രുവരി 22 ന് ഇവരെ തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി 12 ന് തെക്കൻ നൈജീരിയയിലെ റിവേഴ്‌സ് സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ലിവിനസ് മൗറിസ് ഉൾപ്പെടെ മൂന്ന് പേരെ ഫെബ്രുവരി 16 ന് അക്രമികൾ വിട്ടയച്ചിരുന്നു.