ഗാസയില്‍ വീണ്ടും വ്യോമാക്രമണം: 200 ലധികം പേര്‍ കൊല്ലപ്പെട്ടു; ലക്ഷ്യം ഹമാസ് കേന്ദ്രങ്ങളെന്ന് ഇസ്രയേല്‍ സൈന്യം

ഗാസയില്‍ വീണ്ടും വ്യോമാക്രമണം: 200 ലധികം പേര്‍ കൊല്ലപ്പെട്ടു; ലക്ഷ്യം ഹമാസ് കേന്ദ്രങ്ങളെന്ന് ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ്: ഗാസയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രയേല്‍. ആക്രമണത്തില്‍ 200 ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ബന്ദികളെ മോചിപ്പിക്കാനുള്ള ഇസ്രയേലിന്റെയും അമേരിക്ക അടക്കമുള്ള മറ്റ് രാജ്യങ്ങളുടെയും നിര്‍ദേശങ്ങള്‍ ഹമാസ് നിരസിച്ചതിനെത്തുടര്‍ന്നാണ് ആക്രമണം പുനരാരംഭിച്ചത്. ജനുവരി 19 ന് വെടി നിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടില്ല.

വടക്കന്‍ ഗാസ, ഗാസ സിറ്റി, മധ്യ-തെക്കന്‍ ഗാസ മുനമ്പിലെ ദെയ്ര്‍ അല്‍ ബലാഹ്, ഖാന്‍ യൂനിസ്, റാഫ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആക്രമണങ്ങള്‍ നടത്തുന്നതിന് മുമ്പ് ഇസ്രയേല്‍ യു.എസ് ഭരണകൂടവുമായി കൂടിയാലോചിച്ചതായി സൈന്യം പറഞ്ഞു. മിഡില്‍ ലെവല്‍ ഹമാസ് കമാന്‍ഡര്‍മാരെയും തീവ്രവാദ ഗ്രൂപ്പിലെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.


അതേസമയം ഇസ്രയേല്‍ ഏകപക്ഷീയമായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ നടപടിയെന്നും ഹമാസ് വ്യക്തമാക്കി. ബന്ദികളെ മുഴുവന്‍ മോചിപ്പിക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. അല്ലാത്തപക്ഷം ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.

2023 ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തില്‍ ഗാസ മുനമ്പിന് ചുറ്റുമുള്ള ഇസ്രയേലി സമൂഹങ്ങളെ ആക്രമിക്കുകയും 1,200 ഓളം പേര്‍ കൊല്ലപ്പെടുകയും 251 പേരെ ഗാസയിലേക്ക് ബന്ദികളാക്കുകയും ചെയ്തതോടെയാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.