ന്യൂയോര്‍ക്ക്: വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍. ഏകദേശം 14000 ജോലിക്കാരെയായാണ് ാേിത്തവണ കമ്പനി പിരിച്ചുവിടാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. 2023 അവസാനത്തോടെ 18000 തൊഴിലാളികളെ ഒഴിവാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ട പിരിച്ചുവിടലാണ് ഇത്. കമ്പനിയുടെ റീട്ടെയില്‍ ഡിവിഷന്‍, എച്ച്.ആര്‍ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പിരിച്ചുവിടലുകള്‍ പ്രധാനമായും ബാധിക്കുക.
മന്ദഗതിയിലായ വരുമാന വളര്‍ച്ച, പ്രവര്‍ത്തനച്ചെലവ് വര്‍ധിക്കല്‍, ഉപഭോക്തൃ ചെലവ് രീതികളിലെ മാറ്റം എന്നിവ കാരണം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കമ്പനി ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കടന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് സ്ഥാപനം നടത്തിയ വന്‍തോതിലുള്ള നിയമനങ്ങളും ഇപ്പോഴത്തെ നീക്കത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
കോവിഡ് സമയത്ത് ഇ-കൊമേഴ്സ് വ്യാപാരം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് 2019 മുതല്‍ 743000 ല്‍ അധികം ജീവനക്കാരെയാണ് കമ്പനി നിയമിച്ചത്. എന്നാല്‍ കോവിഡ് കാലഘട്ടതിന് ശേഷം ഇ-കൊമേഴ്‌സ് വ്യാപാരത്തിലെ ഈ കുതിപ്പ് വലിയ തോതില്‍ ഇടിഞ്ഞു. ഇതോടൊപ്പം ആഗോളതലത്തിലുണ്ടായ സാമ്പത്തിക അനിശ്ചിതാവസ്ഥ കുടുംബങ്ങളേയും സ്ഥാപനങ്ങളേയും ബജറ്റ് കര്‍ശനമാക്കുന്നതിലേക്ക് നയിച്ചു. ഇത് കമ്പനിയുടെ വരുമാനത്തേയും ബാധിച്ചതോടെയാണ് തൊഴിലാളികളെ കുറയ്ക്കുക എന്ന നടപടിയിലേക്ക് ആമസോണ്‍ കടന്നത്.
ആമസോണിന്റെ ഇപ്പോഴത്തെ പിരിച്ചുവിടല്‍ നടപടിയിലൂടെ അടുത്ത വര്‍ഷം ആദ്യത്തോടെ ഏകദേശം 13834 മാനേജീരിയല്‍ റോളുകള്‍ ഇല്ലാതാക്കുമെന്നും ഇത് കമ്പനിയെ സംബന്ധിച്ച് വലിയ തോതില്‍ ചെലവ് ലാഭിക്കാന്‍ സഹായിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയും റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ചില പരീക്ഷണാത്മക പദ്ധതികളിലും ആമസോണ്‍ കൈവെച്ചേക്കും. എക്കോ (അലക്‌സ വോയ്സ് അസിസ്റ്റന്റ്), ഡെലിവറി റോബോട്ടുകള്‍, ആമസോണ്‍ ഫ്രഷ് എന്നിവയ്ക്കായി കമ്പനി കൂടുതല്‍ തുക ചിവവഴിച്ചേക്കില്ലെന്നാണ് സൂചന.