തിരുവനന്തപുരം: ഒരു മാസത്തിലധികമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഇന്ന് ഉച്ചയ്ക്ക് 12.30 ന് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ (എന്‍എച്ച്എം) തിരുവനന്തപുരത്തുള്ള ഓഫീസിലാണ് ചര്‍ച്ച. ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും ചര്‍ച്ചയ്ക്ക് വിളിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.
സമര സമിതി പ്രസിഡന്റ് വി.കെ സദാനന്ദന്‍, വൈസ് പ്രസിഡന്റ് എസ്. മിനി തുടങ്ങിയവരായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുക. ഇത് രണ്ടാം വട്ടമാണ് എന്‍എച്ച്എം ഓഫീസില്‍ ചര്‍ച്ച നടക്കുന്നത്. നേരത്തെ ചര്‍ച്ച നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല.
മിനിമം കൂലി, പെന്‍ഷന്‍, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്റീവ്, ഫിക്‌സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. സമരം 38 ദിവസത്തിലേക്ക് കടന്നതിനിടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.