ആശാ വര്‍ക്കര്‍മാര്‍ ഇന്ന് മുതല്‍ നിരാഹാര സമരത്തില്‍; കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് വീണാ ജോര്‍ജ് ഡല്‍ഹിക്ക്

ആശാ വര്‍ക്കര്‍മാര്‍ ഇന്ന് മുതല്‍ നിരാഹാര സമരത്തില്‍; കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് വീണാ ജോര്‍ജ് ഡല്‍ഹിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കാര്‍മാര്‍ പ്രഖ്യാപിച്ച് നിരാഹാര സമരം ഇന്നു മുതല്‍. ആദ്യഘട്ടത്തില്‍ മൂന്ന് പേരാണ് നിരാഹാരം ഇരിക്കുന്നത്. രാവിലെ 11 ന് നിരാഹാര സമരം ആരംഭിക്കും. ഇന്നലെ സംസ്ഥാന സര്‍ക്കാരുമായി നടന്ന ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നതോടെയാണ് ആശ വര്‍ക്കര്‍മാര്‍മാര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത്.

അതേസമയം സമരം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തും. അവ്യക്തതയോ തര്‍ക്കമോ ഒന്നുമില്ലെന്നും കേന്ദ്ര സ്‌കീം പ്രകാരമുള്ള പദ്ധതിയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം കൂട്ടണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

ദേശീയ ആരോഗ്യമിഷന്‍ സംസ്ഥാന കോര്‍ഡിനേറ്ററുമായി ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞതിന് പിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്നും യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കണ്ട് സമരത്തില്‍ നിന്നും പിന്മാറണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രി വീണാ ജോര്‍ജ് തങ്ങളുടെ ആവശ്യങ്ങള്‍ ഒന്നും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണില്‍ പൊടിയിടാനുള്ള ഒരു ചര്‍ച്ച മാത്രമാണ് നടത്തിയതെന്നും ആശ വര്‍ക്കാര്‍മാര്‍ പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.