കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ നാശനഷ്ടത്തിന് പകരമായി രണ്ട് കോടി 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ക്ലെയിംസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്നും അനുയായികളില്‍ നിന്നും തുക ഈടാക്കണമെന്നും ക്ലെയിംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
2022 സെപ്റ്റംബര്‍ 23 ന് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് ആകെയുണ്ടായ നഷ്ടം നികത്താനാണ് 2.42 കോടി രൂപ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നു തന്നെ ഈടാക്കണമെന്ന് ക്ലെയിംസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. മിന്നല്‍ ഹര്‍ത്താല്‍ ആക്രമണത്തില്‍ 59 കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നാശനഷ്ടമുണ്ടായി. 2.13 കോടിയാണ് ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍ ടി.സിക്കുണ്ടായ വരുമാന നഷ്ടം. മറ്റ് ക്ലെയിമുകള്‍ പത്ത് ലക്ഷത്തോളം വരും.
ഹര്‍ത്താല്‍ ദിനം സര്‍വീസ് മുടങ്ങിയത് മൂലമുണ്ടായ നഷ്ടം പരിഹരിക്കാനായി ആകെ 2.42 കോടി രൂപ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്നും ഈടാക്കും. നഷ്ടപരിഹാരത്തുക സംബന്ധിച്ച വിശദമായ പട്ടിക ക്ലെയിംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു ക്ലെയിംസ് കമ്മീഷണറെ നിയോഗിച്ച് നഷ്ടം തിട്ടപ്പെടുത്തിയത്.
നേരത്തെ കോടതി ഉത്തരവ് ലഭിച്ചിട്ടും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.