കണ്ണൂര്‍: ജില്ലയിലെ ചക്കരക്കല്‍ മേഖലയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുപ്പതോളം പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവ് നായയെ കൊന്നു. ചക്കരക്കല്‍ പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചലിനിടെ ചക്കരക്കല്‍ മാമ്പ ഉച്ചുളിക്കുന്ന് ചിറക്കാത്ത് വെച്ച് നായയെ കണ്ടെത്തുകയായിരുന്നു.
ദയാവധത്തിന് ഇരയാക്കിയ നായക്ക് പേ വിഷബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തും. ഇതിനായി നായയുടെ ശ്രവങ്ങള്‍ കണ്ണൂര്‍ മൃഗസംരക്ഷണ ആശുപത്രിയിലെ വെറ്റിനറി ലാബില്‍ പരിശോധിക്കും.
ചക്കരക്കല്‍ സോന റോഡ്, ഇരിവേരി, മുഴപ്പാല, കുളം ബസാര്‍, പൊതുവാച്ചേരി, ഭാഗങ്ങളിലായി മുപ്പതു പേര്‍ക്കാണ് വ്യാഴാഴ്ച്ച രാവിലെ വിവിധയിടങ്ങളില്‍ നിന്നായി നായയുടെ കടിയേറ്റത്. പിഞ്ചുകുഞ്ഞിനെയടക്കം നായ കടിച്ചു പരിക്കേല്‍പ്പിച്ചു. പലര്‍ക്കും മുഖത്ത് അടക്കം കടിയേറ്റിട്ടുണ്ട്.
പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒരേ നായ തന്നെയാണ് പലരെയും കടിച്ചു പരിക്കേല്‍പ്പിച്ചത്.