തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ സിഐടിയുവിന്റെ ദേശവ്യാപക പ്രതിഷേധം ഇന്ന്. ആശ വര്‍ക്കേഴ്സ് ആന്റ് ഫെസിലിറ്റേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സിഐടിയുവിന്റെ നേതതൃത്വത്തിലാണ് പ്രക്ഷോഭം. തിരുവനന്തപുരത്ത് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
ആശാ വര്‍ക്കര്‍മാരെയും ഫെസിലിറ്റേറ്റര്‍മാരെയും തൊഴിലാളികളായി അംഗീകരിക്കുക, ഇന്‍സെന്റീവ് അധിഷ്ഠിത വേതന ഘടനയ്ക്ക് പകരം പ്രതിമാസം 26,000 രൂപ മിനിമം വേതനം നല്‍കുക, കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ആരോഗ്യമിഷനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക, കുടിശികയായ കേന്ദ്ര വിഹിതം സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയ്ക്ക് നിവേദനവും കൈമാറും. പ്രതിഷേധ പരിപാടികളില്‍ എല്ലാ ആശാവര്‍ക്കര്‍മാരും പങ്കെടുക്കണമെന്ന് എഡബ്ല്യുഎഫ്എഫ്ഐ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ആശാ പദ്ധതിയുടെ 20-ാം വാര്‍ഷിക ദിനമായ ഏപ്രില്‍ 12 ന് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷനില്‍ ഭാവി പോരാട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സിഐടിയു അറിയിച്ചു.
അതേസമയം ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനത്തിലേക്ക് കടന്നു. എം.എ ബിന്ദു, കെ.പി തങ്കമണി, ആര്‍. ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം ഇന്ന് നാല്‍പതാം ദിവസമാണ്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
അതേസമയം ആശാ പ്രവര്‍ത്തകരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്ക് പോയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്രമന്ത്രി ജെ.പി നഡ്ഡയെ കാണാതെ കേരളത്തില്‍ തിരിച്ചെത്തി.