തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് സാമ്പത്തിക പരിമിതികളുണ്ടെങ്കിലും കേന്ദ്രം ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ചാല്‍ ഓണറേറിയം വര്‍ധിപ്പിക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന പദ്ധതിയാണെന്ന് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടി ഇല്ലാത്തതില്‍ ഇടതുമുന്നണി ഘടകക്ഷികള്‍ ശക്തമായ എതിര്‍പ്പാണ് യോഗത്തില്‍ ഉന്നയിച്ചത്. ആശാ സമരം സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യോഗത്തില്‍ ആര്‍ജെഡി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സിപിഐ നേതാക്കളും ആര്‍ജെഡിയെ പിന്തുണച്ചു. അതേസമയം സമരം തീര്‍ക്കുന്നതില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്ന് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കി.
ആശ വര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്‌കരിച്ച് യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.