ജനീവ: പാകിസ്ഥാനില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും കൊടിയ പീഡനങ്ങളും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച് ഇന്ത്യ.
കഴിഞ്ഞ ദിവസങ്ങളിലായി ജനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 58-ാമത് സെഷനിലാണ് ഇന്ത്യയുടെ പ്രതിനിധി ജാവേദ് ബെയ്ഗ് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അക്കമിട്ട് നിരത്തിയത്.
പാകിസ്ഥാനിലെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും അവസ്ഥ ഭയാനകമാണെന്ന് പറഞ്ഞ ജാവേദ് ബെയ്ഗ്, ഹിന്ദുക്കളും ക്രിസ്ത്യാനികളും അക്രമം, പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയ ക്രൂരതകള്‍ക്ക് ഇരകളാകുന്നുണ്ടെന്ന് അദേഹം പറഞ്ഞു.
കൂടാതെ രണ്ട് സമുദായങ്ങളും ന്യൂനപക്ഷമാണ്, അവര്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണ്. ഈ സാഹചര്യത്തില്‍ ക്രസ്ത്യന്‍ പള്ളികളും ക്ഷേത്രങ്ങളും നശിപ്പിക്കുന്ന സംഭവങ്ങള്‍ പതിവായി നടക്കുന്നുണ്ട്.
യുവതികളെ തട്ടിക്കൊണ്ടു പോയി മുസ്ലീങ്ങളുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിസ്ത്യന്‍ സമൂഹം ഇതിനെക്കുറിച്ച് മൗനം പാലിക്കുന്നുവെന്നും അദേഹം കുറ്റപ്പെടുത്തി.